മറ(വി)ചിത്രം



തച്ചവന് മറക്കാം
കൊണ്ടവനു വേദന
നാഭിതടത്തിലെ നീരു പോലെ
അനങ്ങുമ്പോള്‍
ആത്മാവു പുകച്ചങ്ങനെ

തിരസ്കരിക്കാവുന്ന വാക്കിനാ
ലോമനിച്ചു.
ചുളിവു പറ്റാക്കുപ്പായത്താ-
ലണിയിച്ചൊരുക്കി
ഒളിഞ്ഞും തെളിഞ്ഞും
വിയര്‍പ്പുറ്റുപുണര്‍ന്നും
ഒക്കെ ,
ഉറയുടെ കരിങ്കല്‍ ഭിത്തി തമ്മില്‍
കൊരുപ്പിക്കാവിത്തുകളായിരുന്നല്ലൊ.

വിശുദ്ധമായിരുന്നോളു
ഭാവശുദ്ധിയേന്തി
ഇനിയും വരും
അവര്‍ക്കായും
അതെ മുറി
അതെ കിടക്ക
അതെ മൂര്‍ച്ചസ്വരങ്ങള്‍

ചന്ദനകട്ടിലിലെങ്കിലും
ഓടനാറ്റം തോല്‍ക്കും
സ്മരണ പേടകം നെഞ്ചിലില്ലെ?

അതിനൊറ്റ താക്കോലായെന്‍
പ്രാണനൂറ്റിയ ചഷകവും
ന്‌ലാവു ചത്താരാവും
ഓര്‍മ്മയുണ്ടാവണം

കനല്

പിരിയുമ്പോള്‍ നിഴല്‍
മാത്രമൊപ്പമുണ്ടായിരുന്നു
നിധിയൊക്കെ നിന്റെപക്കലും
നേര്‍ മൂടി കള്ളനെന്നു
വിളിക്കുമ്പോളുള്ളുകരിയാതെ കാത്തു

കണ്ണീര് മഞ്ഞിറ്റുമ്പോള്‍
കവിള്‍ത്തടം തണുക്കിലും
കരളാകെ ചുട്ടുനീറി നിന്നു
പിന്നില്‍ നീകണ്ണുമൂടി ചിരിക്കുമ്പോള്‍
ചങ്കിടറാതെ നോക്കി

കത്തുമ്പോള്‍
ഇരുളൊട്ടു ദൂരെ മാറി നിന്നു
ചിരി പോലെ കനലു തെളിയവെ
പതറാതെ ചാരമാറുവാന് കാക്കുമ്പോള്‍
ചാരെ നിന്നെന്നു കാട്ടി നീ