ഇരുട്ടമുട്ട്

അതിവേഗട്രാക്കിലേക്ക് പിടിവിട്ടു
പോയൊരു നിലവിളി,
രക്തം ഊറി കട്ടിയായ്
വെള്ളപുതച്ച്
സ്റ്റേഷൻ വരാന്തയിലെ
ഗോവണിക്കടിയിലുണ്ട്.
ആകാശത്തിന്റെ ഇരുളിലെവിടെയൊ
പൊട്ടിത്തെറിക്കുന്ന
കൂട്ട നിലവിളിക്കായ്
ഒരു വീടുറങ്ങാതെ കാത്തിരുപ്പുണ്ട്.


കയത്തിനാഴത്തിലേക്ക്
പുതഞ്ഞു പോയൊരു
കൈയെത്തിപിടിക്കാൻ
പിന്നാലേ ചാടിയ
എട്ടുകൈകളുടെയും പ്രാണൻ
നീർകുമിളകളായ്
കെട്ടുപിണഞ്ഞുയർന്നു കഴിഞ്ഞു.
കറുത്ത ബാഡ്ജിന്റെ
സ്കൂൾ വരി റെഡിയാക്കാൻ
നിലവിളികൾ ഡിവിഷനുകൾ
മാറി മാറി നിൽപ്പുണ്ട്.

തൊഴിലിടങ്ങളിൽ
രക്ഷകർത്താക്കളെ നടുക്കി,
അമ്മമാരുടെ അലമുറയുണർത്തി,
പതർച്ച മാറാത്ത
ക്കൂട്ടുകാരെ തനിച്ചാക്കി,
കുഴഞ്ഞകാലുകൾക്ക്
വഴിപിഴച്ചൊരു നിമിഷം,
മയക്കത്തിൽ പെട്ട കൂട്ടനിലവിളി
പച്ച പുതച്ച അഗാധതയിലേക്ക്
കൂപ്പുകുത്തിയിട്ടുണ്ട്.
കൂട്ടക്കരച്ചിലിന്റെ പെരുമ്പറപുതക്കാൻ
ഒരു നാട് മയങ്ങിക്കിടപ്പുണ്ട്.

പ്രണയപാശത്തിന്റെ
സീൽക്കാരങ്ങളപ്പടി
എം എം എസ് കുളിരാകെ
കയർമുറുക്കത്തിലേക്ക് അച്ഛനുമമ്മയും
ഐസ്ക്രീം കൈയ്പിലേക്കു മക്കളും
പടിയിറങ്ങിക്കഴിഞ്ഞു.
വിതുമ്പലുകളുടെ അണമുറിയാതെ,
പകച്ച്, നിലവിളി
നെഞ്ചുംനുറുക്കി
തൊണ്ടയിൽ കുരുങ്ങി നില്പാണ്.


നിനച്ചിരിക്കാതെ
നിലവിളികളങ്ങനെ
പെയ്തിറങ്ങും.


.