അങ്ങനെയിരിക്കുമ്പോ
ഒളിച്ചോടിപ്പോകാൻ മുട്ടും
അല്ലെതന്നെ
ആരും കാണാത്തിടത്താണിരുപ്പ്
ഒളിച്ചിരിക്കാൻ ഒരാളുടെ ഉള്ളിന്റത്ര
വിശാലമായ ഒളിയിടം കിട്ടില്ല.
സ്വന്തം ഉള്ളിലോട്ട്
ആരും നോക്കത്തില്ലാത്തകൊണ്ട്
സ്വസ്ഥമായിരിക്കാം.
എന്നാലും ചിലപ്പോൾ
ആരും അന്വോഷിക്കാതിരിക്കുന്നതിന്റെ
വെറുപ്പിൽ
മറ്റുള്ളവരെയൊക്കെ
നിരന്തരം അന്വോഷിക്കുന്നെന്നും
നമ്മളെമാത്രം ആരും
തിരയാറും കണ്ടെത്താറുമില്ലെന്ന
കണ്ടെത്തലിൽ
ഒളിച്ചിടത്തുനിന്ന്
ഒളിച്ചോടിപ്പോകാൻ തോന്നും
ഇനിയെങ്ങോട്ടാപോകേണ്ടതെന്ന്
സ്വയം ചോദിക്കും.
അങ്ങനെ പോയിപ്പോയ്
എങ്ങാണ്ടക്കെയായിപ്പോയരൊളാണെന്ന്
തോന്നത്തെയില്ല.
നിറയെ ആൾക്കാർക്ക് നടുവിൽ
തനിച്ചിരിക്കുന്നതാണോ
തനിച്ചിരിക്കുന്നവർക്കിടയിൽ
നിറയെ ആൾക്കാർ വന്നതാണോ
എന്നു നോക്കാൻ ശ്രമിക്കും
എന്നിട്ട് അടങ്ങിയൊതിങ്ങി
ഒളിച്ചോടിപ്പോകും.
പോയ് കഴിയുമ്പോഴും
നമ്മൾ പോയവിവരം അവരറിയാത്തപ്പോ
സങ്കടം വന്നു തിക്കിമുട്ടും
എങ്ങോട്ടെങ്കിലും
ഒളിച്ചോടിപ്പോകാൻ തോന്നും
അങ്ങനെപോയിപ്പോയി
ഇപ്പോൾ
ഒരു പുതിയ ഗ്രഹം
കണ്ടുപിടിച്ച സംതൃപ്തിയിലാണ്‌
പകലിൽ നിന്ന് രാത്രിയിലേക്കും
രാത്രിയിൽ നിന്ന് കരച്ചിലിലേക്കും
കരച്ചിലിൽ നിന്ന്
ഒളിച്ചോടലിലേക്കും മാത്രം
വാതിലുകളുള്ള
ഒരു ഗ്രഹം.
പ്ളൂട്ടോയെന്നൊ യൂറാനെസ്സെന്നോ
ഒക്കെപ്പോലെ
തീരെ കൊള്ളില്ലാത്ത പേരൊന്നുമിട്ട്
നാറ്റിക്കരുതെന്ന അഭ്യർത്ഥനയോടെ
ഞാൻഗ്രഹം എന്ന
നിരന്തരം ഒളിച്ചോടിപ്പോകുന്ന
ഒന്നിനെ എനിക്കുള്ളിൽ...

കണ്ടോ കണ്ടോ
അത്രേം പറഞ്ഞപ്പോൾ തന്നെ
അത് ഒളിച്ചോടിപ്പോയ്.
കൂരിരുട്ടിന്റെ മൂന്നാം വളവിൽ
ഒപ്പത്തിനൊപ്പം ചീവിടമറുന്നതും
കടവിലേക്കുള്ള വഴിയിലെ
രാത്രിമുല്ലയിലെ കിളിക്കൂട്
കാറ്റിലുലയുന്നതും
ആരും അറിഞ്ഞെന്നുവരില്ല ,
കൽക്കെട്ടിൽ താളമിടുന്ന
രാത്രിയോളങ്ങളുടെ
സുരതശ്രുത്രിയിൽ
എവറടി ടോർച്ചിന്റെ മഞ്ഞ വെളിച്ചം
ജമണ്ടനൊരു കൊഞ്ചിന്റെ
കണ്ണിൽ നിലയുറപ്പിക്കുന്നു
ചീകി മിനിക്കിയൊരു
ഈർക്കിൽ കുരുക്ക്
കൊഞ്ചിന്റെ നീളൻ കാലുകൾക്കകത്തേക്ക്
ഞാനൊരു കുരുക്കൊന്നുമല്ലെയെ
ന്നമട്ടിൽ പ്രവേശിക്കുന്നു
വീട്ടിൽ നിന്നിറങ്ങെ
നീയാ സാക്ഷയിട്ടേരെന്നലസ
ഗൗരവത്തിൽ ഇറങ്ങിപ്പോകെ
വേലി മറവിൽ നിന്നകത്തേക്ക്
കയറിയ നിഴൽ കരുക്കിനും
നല്ല കരുത്തായിരുന്നു .
അഞ്ചാമത്തെ കൊഞ്ചിന്റെ വെപ്രാളം
അയാളെ തെല്ലൊന്നു രസിപ്പിച്ചു
കൂടയിൽ വീണിട്ടും
മുടിഞ്ഞ തുള്ളിച്ചാട്ടം
അതെത്ര കണ്ടിരിക്കുന്നു
അയാൾ കാണാത്ത ചിലത്
ഇരുട്ടിന്റെ മറപറ്റി
സാക്ഷയിടാതെ
അവളും  .
ഷാപ്പിലെ ബഞ്ചിന്റെ
ഉളുമ്പുമണത്തിൽ
ജാരനയാളെ പുകഴ്ത്തി
ചേട്ടനീക്കുരുക്കിട്ടു പിടിച്ചത്
മൊളകരച്ചു വെച്ചിട്ട്
നല്ല സൊയമ്പൻ സാധനം.

ന്ലാവെളിച്ചം
കായലിലച്ചുതല്ലി വീണിളകി കൊണ്ടിരുന്നു.
അതൊരു വരവായിരുന്നു
ജലറാണിയുടെ കുപ്പായവുമിട്ട്
ദേഹം മുഴുവൻ പുള്ളിക്കുത്തും നിറച്ച്
ജലകണികകൾക്കൊക്കെ
തൊടുമ്പഴെ നാണം വന്നു
"രൊന്നൊന്നര കരിമീനാണെന്റെ പള്ളി"
നെടുവീർപ്പിടാതയാൾ
അമർന്നിരുന്നു
ഒറ്റ കുത്ത് , പിടച്ചിൽ .
കരിമീൻ കുട്ട നിറഞ്ഞു
പതിവിലും സന്തോഷത്തിൽ
തിരിച്ചു വരുമ്പോൾ
വാതിൽ തുറന്നു മലച്ചു കിടന്നു
വേലിമറയിലെ നിഴലിനൊപ്പം
പെണ്ണനക്കം പോയ് മറഞ്ഞു.
പിന്നെയയാൾ ആ ഷാപ്പിലേക്ക്
പോവതായ് .

വാവടുത്തിരുന്നു
മഴയിരച്ചിറങ്ങി
കായൽ മിണ്ടാതെ
മഴത്തുള്ളി പുതച്ചുറങ്ങി
ചതഞ്ഞ മാംസക്കഷണത്തിന്റെ
രുചിയിൽ
വലയൊന്നും കൂസാതെ
സ്വർണ്ണപ്പല്ല് കൊണ്ടൊരുഞണ്ട്
'രംഗപടം സുജാതൻ ' പണി തുടങ്ങി.
അങ്ങനെ എട്ടാമത്തെ
കിരുകിരുക്കത്തെ പതിയെ
അയാൾ ഉയർത്തിയെടുത്തു.
മാംസക്കഷണത്തിൽ അള്ളിപ്പിടിച്ച്
ഞണ്ടും വലയും ഉയർന്നു പൊങ്ങി
വീശിയടിച്ച കാറ്റിന്റെ ഉന്നം തെറിച്ച്
ചില്ലിതെങ്ങിന്റെ അണ്ടത്തു നിന്നും
ഉന്നം പിഴയ്ക്കതെ
ചാട്ടുളി പോലെ  തേങ്ങ
പറന്നിറങ്ങി
'യ്യോ' എന്ന് കായലും വലയും
കൂടയിലെ ഞണ്ടുകളം
ഒച്ചുവയ്ക്കും മുന്നേ
ഇതൾ കൊഴിയും പോലെ
അയാൾ വെള്ളത്തിന്റെ
തണുവിലേക്ക്
കുഴഞ്ഞുറങ്ങി
ഓളങ്ങളിൽ
സ്റ്റെപ്പിട്ട്
തേങ്ങയും ചുവട് വെച്ചു.
രാത്രിയിലെ പാടവെളിച്ചം
വാതിലടച്ചു സാക്ഷയിട്ടു.
എങ്ങോട്ടും പോകാനില്ലാതെ
ഞണ്ടുകൾ കൂടയിൽ
വട്ടംചുറ്റി.
കായൽ ചൂരേറ്റ്
തിണർത്തദേഹത്തിൽ
കഥയറിയാതെ
മറ്റൊരു ഞണ്ട്
രംഗപടം സുജാതൻ
വരച്ചു തുടങ്ങി .
നിശബ്ദതകളെ കൊളുത്തിയുണ്ടാക്കിയ
മേഘങ്ങളിലൊന്നിനാലാണ്‌
തനിച്ചിരിന്നുറഞ്ഞുപോയ
കാലത്തെ മണത്തത്
ഇന്നലെ എന്ന പേരിൽ
ഒരു ദിവസമുണ്ടായിരുന്നു
ഇന്നലെ എന്ന പേരിൽ
മരുന്നുമണക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു.
വലിയ മൂന്ന് കുപ്പികളിൽ നിന്ന്
ടോണിക്ക് കുപ്പിയിലേക്ക്
രുചിതെറ്റിക്കുന്ന നിറമുള്ള
ദ്രാവകത്തിനൊപ്പം
കൂട് വിട്ടുപോയ രോഗദിനങ്ങളും
ഇന്നലെയെന്ന പേരിലെ
നാട്ടുവഴിയിലുണ്ടായിരുന്നു.

തൂമ്പക്കാലിൽ രണ്ടായ്
പുളഞ്ഞമണ്ണട്ട
അബദ്ധത്തിൽ ചവിട്ടിയ
കോഴിത്തീട്ടത്തിന്റെ വിട്ടുമാറാത്തമണം
കായൽ പുറ്റിന്റെ
ഉളുമ്പുമണം തങ്ങിയ കൈത്തണ്ട
കൈവട്ടയിൽ പൊട്ടാസ് പൊട്ടിക്കുവാൻ
പൂവരശ്ശിന്റെ ഇല
അതിനടിയിൽ ജീവനെ ധ്യാനിച്ച പുഴു
ഇന്നലെയെന്ന ദിവസത്തിൽ നിന്നും
ഇവയെല്ലാം എങ്ങോട്ടെന്നില്ലാതെ
ഇറങ്ങിനടക്കാറുണ്ട്.

ഉച്ച വേർപ്പുമണത്തിന്റെ
പിരിയൻ ഗോവിണികളിലൊന്നിൽ
ദീർഘനിശ്വാസംവിട്ട് പുളയുന്ന
നിന്റെ ശരീരത്തിന്റെ ഇടനാഴി.
കയറാനുള്ളതോ ഇറങ്ങാനുള്ളതോ
എന്നറിയാതെ എന്നുമെന്നിൽ ദിശഭ്രമിപ്പിച്ച്
പിരിയൻ ഗോവിണി
പണ്ടാരും ഉപേക്ഷിക്കാൻ പോലുമില്ലാതിരുന്നിട്ടും
ഉപേക്ഷിച്ചുപോയൊരു നീളൻ ഫാക്ടറിയുടെ
ശൂന്യമായ അകത്തളം പോലെ
ശ്വാസം മുട്ടിക്കാനുറച്ച്
പൊടിയും മാറലകളും ധ്യാനനിരതമായ്
ഇന്നലെയെ തന്നെ തൊട്ടുനില്ക്കുന്ന
നാളെയെന്നൊരുനഗരത്തിലേക്ക് കൂട്ടുന്നു

തയ്യൽ സൂചിയുടെ സുരതവേഗത്തിൽ
പഴുതാരപ്പുളച്ചിലിലൊരു നഗരതാളം
താഴേക്ക് താഴേക്ക് ഞൊറിയിട്ടിറങ്ങുന്നുണ്ട്
അതിനൊപ്പം പുതുമണം പരക്കുന്നുണ്ട്
അതിൽ കുരുങ്ങിവേണം രാത്രികൾക്ക് നീളംവെയ്ക്കാൻ
പകൽ വെളിച്ചം തളർന്നുണരാൻ

കരകവിഞ്ഞൊഴുകാത്തതു കൊണ്ട്
തീരത്തിരുന്നവരാരും ഗൗനിച്ചിരുന്നില്ല
ഒരിക്കലും വറ്റിയുണങ്ങിയിട്ടില്ലാത്തത് കൊണ്ട്
കുറുകെ കടക്കാനും തുനിഞ്ഞില്ല.
പുറത്തേക്കുള്ള വാതിലില്ലാത്ത
ഇന്നിൽ നിന്നും ഇറങ്ങിപ്പോവാൻ
എത്രയൊക്കെ ചതച്ചരച്ചിട്ടും
കുപ്പയിലെറിഞ്ഞിട്ടും
കൊന്നിട്ടും കെട്ടമണങ്ങൾ കൊണ്ട്
വീണ്ടും വീണ്ടൂം അഭിക്ഷേകിച്ചിട്ടും
എനിക്കെന്നെ തീരെ വെറുക്കാനാവുന്നില്ല
രണ്ടു നിറങ്ങളുള്ള
ഹൃദയത്തെക്കുറിച്ചുള്ള
കടങ്കഥ മുറിച്ചു
വിൽക്കുകയായിരുന്നു.
അടിവയറിൽ
പല ശബ്ദത്തിൽ
ഇരമ്പുന്നൊരു
കടൽത്തുണ്ടിൻ കഴുത്തിൽ
വിശപ്പിൻ ചെന്നായയുടെ
പിടി വിടുവിക്കുവാൻ
ഞാനും കാലവും
ഇരുട്ടിൽ നടപ്പാണിപ്പോഴും.
മുറിഞരമ്പുകളിലെമ്പാടും
മഷിപ്പച്ചകൊണ്ടു തുടച്ചു
എന്നിട്ടുമൊരില്ലാക്കാലത്തെ
എലുമ്പൻ ചെക്കൻ
ഞരമ്പു തെളിഞ്ഞു നിൽപ്പുണ്ട്.
നിക്കറിൻ പിന്നിലെ
മൂന്നാമത്തെ
വെല്ല്യ തുളയിലൂടെ
കറുത്ത ചന്തിയിൽ കടിച്ച
കട്ടുറുമ്പരഞ്ഞ പോലെ
എല്ലാ നേർദ്ദു:ഖങ്ങളെയും
അരച്ചുകളയും ഞാൻ.
ചിന്തിച്ചിരിക്കുന്ന തലയിലിഴയുന്ന
പേനേ ആഞ്ഞു കുത്തുന്ന ഈരേ
പാതിയുറക്കത്തിലുമലിവു കാട്ടാത്ത
ക്ഷുദ്ര സംഗീത സഞ്ചാരികളെ
മരിച്ചുപോയവരുടെ നാട്ടിലെ
മൂന്നാം തെരുവിൽ നിന്നും
വിലക്കിയിട്ടും
തിരിച്ചു വരുന്നത്
കണ്ണീരിൽ വിരിയുന്ന
മഴവില്ലിന് ഞാനില്ലെങ്കിൽ
ആറ് നിറമേയുള്ളെന്നറിഞ്ഞാണ് .

കഴിഞ്ഞ വർഷത്തെ നീക്കിയിരിപ്പ്
ഒരാൾ മാത്രം
കുരുങ്ങി വീഴുന്ന
കൂടുപണിയുകയായിരുന്നു.
നടന്നു പോയ
കനൽപ്പുറങ്ങളിൽ
ചുംബിച്ച്
പൊള്ളിയടർന്ന
തൊലി കുമിളയ്ക്കകം
നിറഞ്ഞിരിക്കുന്ന ജല സമുദ്രം,
ഉപ്പും പുളിയും ചുവയ്ക്കും
ഉള്ളു കാളുന്ന നീറ്റൽ പുറം .

ഒരാൾക്ക് മാത്രം
എരിഞ്ഞ് തീരാവുന്ന
ചിതയിൽ നിന്നും
വഴിതെറ്റി വന്നൊരു
കരച്ചിലിന്റെ വിലാസം കിട്ടി
ഗർഭപാത്രത്തിന്റെ
മൂന്നാമടരിൽ
കൊളുത്തി വെച്ച കിനാവിന്റെത്
ചന്ദന നിറമുള്ള കണ്ണും
പാൽ മണക്കുന്ന ചുണ്ടും
കാൽവിരലീമ്പുന്ന കനവും
കടം ചോദിച്ച് .

ഒടുവിൽ
ഒരാൾക്ക് മാത്രം
തെന്നി വീഴാവുന്ന
കൊക്ക പണിയുകയായിരുന്നു.
അവനവനെത്തിന്നുന്ന
വെറുപ്പിന്റെ
നീണ്ടുകൂർത്തൊരു
പാറത്തുമ്പിൽ നിന്ന്
പച്ചയിരുട്ടിന്റെഅഗാധതയെ
മഞ്ഞു പുതച്ചു മറച്ചുവെച്ച
കുഞ്ഞു മേഘക്കീറിന്റെ
തുഷാരഗർഭത്തിലേക്ക്
മടങ്ങി വരാത്തൊരു
വീടു പണിയുകയായിരുന്നു