തിലോദകം
നാക്കിലയില്‍
ചിതറിയ എള്ളില്‍
കണ്ണീരില്‍
നീ ഒത്തിരി മൗനം
ബാക്കി വെച്ചു.

ഒടുവിലടക്കം പറഞ്ഞ
'നിന്‍ സുഖം തന്നെയെന്‍
ജീവിത'മെന്ന വാക്ക്
അജീര്‍ണ്ണം പുളിച്ചു തികട്ടുന്നു.

നിന്റെ ചിരിയൊഴിഞ്ഞ
തെരുവ്
മങ്ങിയ വെട്ടത്തില്‍
സ്വയം പ്‌രാകി നില്‍ക്കെ

ഇരുളിന്‍ പകര്‍ച്ചയാം
രൂക്ഷ ജലം
മുറതെറ്റി അന്നനാളം കുടഞ്ഞ്
കുരവള്ളി പൊട്ടി
അടിവയറ്റിന്‍ ഞരമ്പും പറിച്ച്
ദഹിക്കാത്ത ചോറോപ്പം
കടത്തിണ്ണയിലേക്ക്.
ചവയ്ക്കാതെ വിഴുങ്ങിയ മുളക്
പത്രകടലാസിന്‍ കോണിലെ
മരണ വാര്‍ത്തയ്ക്കു തിലകമായ്.

മഞ്ഞിന്‍ പുതപ്പു നീക്കി
പുലര്‍ സ്വപ്‌നത്തില്‍
നിന്റെ തിലോദകത്തിന് കത്തി
മാറിലുറക്കിയോന്റെ
ചിരി മുഴങ്ങി.

വിയര്‍ത്ത കണ്ണിന്‍
വിഭ്രാന്തിയില്‍
കാഴ്ചതെളിയെ
പതിവുകാരി തെരുവുപെണ്ണിന്‍
സ്ഥാനം തെറ്റിയ വസ്ത്രവും
ചിരട്ടയിലൊരു ഹ്രിദയവും
ബാക്കി

സഞ്ചയനം

രണ്ടറ്റം കൂട്ടിയൊക്കാതെ
മടങ്ങുന്ന കാഴ്ചയ്ക്കു
ഇരുളൊപ്പം ഗദ്ഗദങ്ങള്‍
സാക്ഷി.

തനിച്ചു വയ്യെന്നവളുടെ
മൊഴി
കയറിനിഷ്ടമായ്.
പ്രാണനു നക്ഷത്രത്തെയും

പിരിയും മുന്നെ
കുഞ്ഞുമ്മ കുഞ്ഞിനേകെ
കണ്ണുചോരുന്നതും
കുടുക്കുണരുന്നതും
ചെമ്പകമരം സാക്ഷി.
പൂക്കളെ തിക്കിമാറ്റി
തിങ്കളുമതു കണ്ടു.

കടലിലുപ്പു ചുവയ്ക്കുന്നത്
സങ്കടക്കാഴ്ച്ചകള്‍ കണ്ട്
വിറച്ചു ശോഷിക്കുന്ന
ചന്ദ്രന്റെ വിയര്‍പ്പിറ്റാകും
കണ്ണീരെന്നും ചിലര്

തിരകള്‍
ചാരം തിരികെ
കരയില്‍‍ തള്ളുന്നതും
സൂര്യനെ ഇരുളിലേക്കു പടിയിറക്കുന്നതും
ആരോട് കെറുവിച്ചാണ്.

കവിത -കാശികം

കാശി തെരുവ്
ശിഖിയുംതൊപ്പിയും വെച്ച
ചെറ്റകള്‍മേയുന്നിടം

ചൊല്ലുന്നവനും കേള്‍ക്കുന്നവനും
തിരിച്ചറിയാത്ത ഭാഷയില്‍
ജാറങ്ങളില്‍ പണം കൈമാറുന്നൊരിടം

ഈശ്വരാലയം അനന്ത
സാദ്ധ്യതയുടെ കെട്ടിടങ്ങള്

‍ദൈവംപ്ലാസ്റ്റിക്കല്ലൊ|

തിരിച്ചറിവും മരണവുമില്ല

വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
നേരിട്ടൊഴുക്കി
വന്ദിക്കുന്നൊരിസം

ഫത്വ ചൊല്ലി മകളെ
അച്ചനുഭാര്യയെന്നു വിധിക്കും

മതത്തില്‍ എല്ലാവരും കുട്ടികള്‍
മലത്തിലൂടെ നടക്കും

ജഡമിട്ട വെള്ളത്തില്‍ കുളിക്കും
ജനിച്ചിട്ടില്ലാത്തതിനെ വാഴ്ത്തും

നന്മയുടെ കുഞ്ഞുണ്ണികള്‍ തന്‍
നക്ഷത്രകണ്ണുകളെ വീഴ്ത്തും

തനിക്കൊപ്പമില്ലാത്തവര്
‍കാഫിറുകളെന്നും
ശൂലം തറയെണ്ടവരെന്നും
വിധിക്കും