നിശബ്ദതകളെ കൊളുത്തിയുണ്ടാക്കിയ
മേഘങ്ങളിലൊന്നിനാലാണ്‌
തനിച്ചിരിന്നുറഞ്ഞുപോയ
കാലത്തെ മണത്തത്
ഇന്നലെ എന്ന പേരിൽ
ഒരു ദിവസമുണ്ടായിരുന്നു
ഇന്നലെ എന്ന പേരിൽ
മരുന്നുമണക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു.
വലിയ മൂന്ന് കുപ്പികളിൽ നിന്ന്
ടോണിക്ക് കുപ്പിയിലേക്ക്
രുചിതെറ്റിക്കുന്ന നിറമുള്ള
ദ്രാവകത്തിനൊപ്പം
കൂട് വിട്ടുപോയ രോഗദിനങ്ങളും
ഇന്നലെയെന്ന പേരിലെ
നാട്ടുവഴിയിലുണ്ടായിരുന്നു.

തൂമ്പക്കാലിൽ രണ്ടായ്
പുളഞ്ഞമണ്ണട്ട
അബദ്ധത്തിൽ ചവിട്ടിയ
കോഴിത്തീട്ടത്തിന്റെ വിട്ടുമാറാത്തമണം
കായൽ പുറ്റിന്റെ
ഉളുമ്പുമണം തങ്ങിയ കൈത്തണ്ട
കൈവട്ടയിൽ പൊട്ടാസ് പൊട്ടിക്കുവാൻ
പൂവരശ്ശിന്റെ ഇല
അതിനടിയിൽ ജീവനെ ധ്യാനിച്ച പുഴു
ഇന്നലെയെന്ന ദിവസത്തിൽ നിന്നും
ഇവയെല്ലാം എങ്ങോട്ടെന്നില്ലാതെ
ഇറങ്ങിനടക്കാറുണ്ട്.

ഉച്ച വേർപ്പുമണത്തിന്റെ
പിരിയൻ ഗോവിണികളിലൊന്നിൽ
ദീർഘനിശ്വാസംവിട്ട് പുളയുന്ന
നിന്റെ ശരീരത്തിന്റെ ഇടനാഴി.
കയറാനുള്ളതോ ഇറങ്ങാനുള്ളതോ
എന്നറിയാതെ എന്നുമെന്നിൽ ദിശഭ്രമിപ്പിച്ച്
പിരിയൻ ഗോവിണി
പണ്ടാരും ഉപേക്ഷിക്കാൻ പോലുമില്ലാതിരുന്നിട്ടും
ഉപേക്ഷിച്ചുപോയൊരു നീളൻ ഫാക്ടറിയുടെ
ശൂന്യമായ അകത്തളം പോലെ
ശ്വാസം മുട്ടിക്കാനുറച്ച്
പൊടിയും മാറലകളും ധ്യാനനിരതമായ്
ഇന്നലെയെ തന്നെ തൊട്ടുനില്ക്കുന്ന
നാളെയെന്നൊരുനഗരത്തിലേക്ക് കൂട്ടുന്നു

തയ്യൽ സൂചിയുടെ സുരതവേഗത്തിൽ
പഴുതാരപ്പുളച്ചിലിലൊരു നഗരതാളം
താഴേക്ക് താഴേക്ക് ഞൊറിയിട്ടിറങ്ങുന്നുണ്ട്
അതിനൊപ്പം പുതുമണം പരക്കുന്നുണ്ട്
അതിൽ കുരുങ്ങിവേണം രാത്രികൾക്ക് നീളംവെയ്ക്കാൻ
പകൽ വെളിച്ചം തളർന്നുണരാൻ

കരകവിഞ്ഞൊഴുകാത്തതു കൊണ്ട്
തീരത്തിരുന്നവരാരും ഗൗനിച്ചിരുന്നില്ല
ഒരിക്കലും വറ്റിയുണങ്ങിയിട്ടില്ലാത്തത് കൊണ്ട്
കുറുകെ കടക്കാനും തുനിഞ്ഞില്ല.
പുറത്തേക്കുള്ള വാതിലില്ലാത്ത
ഇന്നിൽ നിന്നും ഇറങ്ങിപ്പോവാൻ
എത്രയൊക്കെ ചതച്ചരച്ചിട്ടും
കുപ്പയിലെറിഞ്ഞിട്ടും
കൊന്നിട്ടും കെട്ടമണങ്ങൾ കൊണ്ട്
വീണ്ടും വീണ്ടൂം അഭിക്ഷേകിച്ചിട്ടും
എനിക്കെന്നെ തീരെ വെറുക്കാനാവുന്നില്ല