രാഫണ ലീല


ഇരുളുചെന്നു വെളിച്ചത്തോടു
പറയുന്ന പാരാതികളത്രയും
വെളിച്ചം ഇരുളിനോടുമ്പറഞ്ഞു

ദുഃഖകരമല്ലാത്ത ചില സുഖങ്ങളാണു
ദുഃഖത്തിനു കാരണമെന്നൊരു
മിന്നൽ പിണരിടയുമ്പോലെ

സുഖകരമായ ചില ദുഃഖങ്ങളാണു
സുഖത്തിനു മേമ്പോടിയെന്നൊരു
ചീവിടമറുമ്പോലെ

ആർകും ശല്ല്യമാവാതെ
മരണപെടാനുറച്ചൊരു
കൃമി പുളയുന്നതെന്റെ
വയറ്റിലാണെന്നൊരലട്ടൽ പോലെ

ഒരു പക്ഷേ
ഏതു നോട്ടത്തിലും
കാണേണ്ട വിര സ്കാനിങ്ങിൽ
കണ്ണിൽ വളരുന്നെന്നു
കണ്ടെത്തിയപോലെ

അതെ,അജീർണ്ണങ്ങളത്രയും
കൂടുകെട്ടുന്നൊരുടൽ
ജീർണ്ണിക്കുന്നതെപ്പോഴും
ജീർണ്ണതയില്ലാത്ത
മണ്ണിലെന്നപോൽ

സ്വപ്നങ്ങളത്രയും
ചത്തുവീഴുന്നൊരു
രാത്രിക്കുമേലെ
അലമുറപുതച്ചെത്തുന്ന
മഴകുടഞ്ഞെറിഞ്ഞ്,
മരണം കൊണ്ട് ഉടല്പണിയുന്ന
വഞ്ചി കാണാതെ
പുഴ കൊണ്ട്
പുരപണിയുന്നൊരു
കടത്തുകാരൻ ഞാൻ.
ഇത്രയാഴത്തിൽ ഒരു വേരും
ജലം തേടിയിറങ്ങിയിട്ടുണ്ടാവില്ല

ഇത്രയുയരത്തിൽ ഒരു കിളിയും
ചില്ല തേടിപറന്നിട്ടുമുണ്ടാവില്ല

ഒരു മഴയും , വെയിലും , മഞ്ഞും
ഇത്ര ഭൂമിയെ പൊതിഞ്ഞു നിന്നിട്ടുണ്ടാവില്ല

ഒരു പൂമ്പൊടിപോലും പൂവിനെ
ഇത്രമേൽ സ്നിഗ്ദമാക്കിയിട്ടുണ്ടാവില്ല

ഒരു പൂക്കാലം പോലും വസന്തത്തെ
ഇത്ര സുഗന്ധപൂരിതമാക്കിയിട്ടുണ്ടാവില്ല

ഒരു കടലും അത്ര വിശാല തീരം കാട്ടി
തിരയെ തൊട്ടുണർത്തിയിട്ടുണ്ടാവില്

ഒരു മലയും മഞ്ഞണിഞ്ഞു വെളുത്ത്
ഇത്ര മുഗ്ദമായ് തപസ്സു ചെയ്തിട്ടുണ്ടാവില്ല

അതുകൊണ്ടല്ലയോ ജീവിതമേ
മരണവുമായ് തൊട്ട് ഇരുളും വെളിച്ചവും
പ്രണയത്തിലെന്ന പോലെ
എന്നെ നിന്നക്കുള്ളിൽ
വിത്തായ് പാകിയിരിക്കുന്നത്

ബ്രിങ്ങസ്യാഇന്നലെ ഞാനൊരു കടലു മറിച്ചു വിറ്റു
പ്രതീക്ഷച്ചത്ര ലാഭോന്നുല്ലായിരുന്നു
വെറുതെകിടന്നു തിരയടിച്ചു പൊടിപിടിച്ചു
സ്ഥലം ഇടങ്ങേറാക്കെണ്ടന്നു കരുതി.

വാങ്ങിയാൾ ശ്രദ്ധിച്ചില്ലെങ്കിലും ചില
ഗുട്ടൻസൊക്കെ പറയാതിരിക്കാൻ വയ്യ
പണ്ടായാകശംവിറ്റപ്പോ പറ്റിച്ചമാതിരി
എപ്പോഴും ചോന്നിരുക്കും മേഘോക്കെ ഫ്രീയാ
മഴേന്റെ കൂടെ ഇടിമിന്നലിന്റെ ബാഗേണ്ട്
എന്നൊന്നും പറഞ്ഞില്ലെങ്കിലും
പരപ്പിനൊത്ത ആഴോണ്ടെന്ന് പറഞ്ഞിരുന്നു.

പാട്ടപെറുക്കാംവന്നവെന്നെന്തിനാ ആഴം
ഒടിച്ചുമടക്കി റിക്ഷാന്റെ പിന്നിലേക്കിട്ടു
ഇതേവിടെന്നു കിട്ടിയേന്റെ ചേട്ടായീപന്ന കടൽ
അത്ര വെലേന്നൂല്ലെട്ട പിന്നെ കാലത്തെ
കിട്ടിയതേല്ലെ കിടക്കട്ടെന്നു കരുതി
കപ്പലോക്കെ പൊങ്ങിക്കിടക്കുന്നുണ്ടെട്ട
എന്നതും അവൻ മൈൻഡ് ചെയ്തില്ല
ഹൊ തുരുമ്പ് തട്ടിക്കളയണമാതിരി
അതെക്കെയവൻ കാണേലേക്കിട്ടു

കണ്ണു നട്ടു കരളു തൊട്ടു എനിക്ക് നീ
തന്ന ആകാശം പോലെ,
ആ കടലിങ്ങനെ ബ്രിങ്ങസ്യാന്നു കെടക്കായിരുന്നു
ഓ ആ സ്ഥലോന്നു വെടിപ്പായികിട്ടി

പ്രസന്റ് ടെൻസ് ഓഫ് പാസ്റ്റ് ടെൻസ്പഴയതാണെന്നൊന്നും പറയാമ്പറ്റില്ല
എന്താ അത്ര പഴയതായിട്ടുള്ളത്
ഭൂമി പഴയതാണോ?, ശ്വാസം പഴയതാണോ
എന്തിനു മരണത്തിനുപോലും 
അത്ര പഴക്കമൊന്നുമില്ല


പുതിയതാണെന്നതു പഴമയാണ്‌
എന്തിനാ പുതുമ,
പുല്കൊടിക്കോ, പുതുമഴയോ?
എല്ലാം പഴയതന്നേല്ലിഷ്ടാ?

പിന്നെ ശൂന്യത്തിൽ നിന്നും ചൂടും
ബ്രഹ്മാണ്ഡത്തിൽ നിന്ന് പച്ചക്കറിയും 
ഉണ്ടായ ശേഷം ചില മാറ്റങ്ങളൊക്കെയുണ്ട്
ഉദാഹരണത്തിന്‌
ആ കുട്ടിയുടെ കരച്ചിൽ കേട്ടോ?
ആദ്യ കരച്ചിൽ തൊട്ട് ഇന്നേ വരെ ജനിച്ച് വീണ
എല്ലാ കുട്ടികൾക്കും
കരച്ചിലിൽ മാത്രം
ഒരേതാളമാ

പക്ഷേ ഞങ്ങളുടെ കൈയ്യിൽ 
ചാകതെ കിട്ടിയാൽ
ചില മതവും മാനവും വരും വരുത്തും 
വരണമല്ലൊ അല്ലെ?
അപ്പോ അതൊരു പുതുമയാണെന്ന് പറയാം

കളിമടുത്ത് നെഞ്ചുങ്കൂടും തകർത്ത്
ധനഞ്ജയൻ പുറത്ത് പോയാൽ
കഴിഞ്ഞു

പണ്ടാറടങ്ങാൻ
ഒരേ അളവാ
അതിപ്പോ 
ഞങ്ങളെങ്ങനെ കൂട്ടിയാലും
ആറടിയെ വരു.
ചിതയ്ക്കായാലും കുഴിക്കായലും...

കരിയിലകളെ ഞെരിച്ച്
മുറ്റത്തെക്കെത്തവെ
വസന്തം നടന്നടുത്ത പോലെ
അമ്മ അരികിലേക്കോടിയെത്തി
ഉച്ച വെയിൽ തൊടിയിൽ
മയങ്ങിക്കിടപ്പുണ്ടായിരുന്നു

പല്ലല്പം പൊങ്ങി,നരയൊക്കെ നിറഞ്ഞു
വീണ്ടും വലിഞ്ഞുണങ്ങി
ശോഷിച്ച കൈകൾ കൊണ്ട് എന്നെ തലോടി

തൊടിയിൽ ഒരു ചെമ്പരത്തി മാത്രം വിരിഞ്ഞിട്ടുണ്ട്
ചെടിക്കളൊക്കെ നീരുവറ്റി മങ്ങി

തീർത്തും ദുർബ്ബലമായ നിമിഷം
ആരുടെ കണ്ണിൽ നിന്നാവും
സങ്കടം ചോരുന്നതെന്ന്
അതു വരെ ചിലച്ചിരുന്ന
അണ്ണാൻ തലയുയർത്തി നോക്കുന്നുണ്ട്

കുഴമ്പുമണക്കുന്നുണ്ട്,വായയും പൊട്ടമണക്കുന്നു
സാരിയിലും പഴമണം നിറയുന്നുണ്ട്
മാറാല പിടിച്ച ജനൽ കമ്പിയ്ക്കപുറം
ഭംഗിയുള്ള എട്ടുകാലി വലവിരിച്ചിട്ടുണ്ട്
ഉവ്വ് ഞാൻ അമ്മയെ മാത്രമല്ല നോക്കുന്നത്.

എന്നെങ്കിലും ആരെങ്കിലും
വരുമായിരിക്കും എന്ന നിർവികാരതയിൽ രാധയും,
അയവെട്ടി, കഴുത്തിലെ മണികിലുക്കി
പശുവും മടങ്ങുന്നുണ്ട്.

അടുക്കളജനാല കരിപിടിച്ചങ്ങനെ
പായൽകുളത്തിൽ മുങ്ങിമാറുന്ന
തവളച്ചാരെനോക്കി നില്ക്കുന്നു
കരയിൽ പൊന്മാനിപ്പോഴും
ആമ്പലിലയ്ക്കടിയിൽ മിന്നിമാറുന്ന
മീനൊന്നിനെ ഉന്നം വെച്ചിരിപ്പുണ്ട്

കെട്ടിച്ചു വിട്ട പെങ്ങൾ വന്നെന്നു
അയയിലെ നൈറ്റിയും,ഉണങ്ങിയാൽ
വടിയാകുന്ന തുളവീണ തോർത്തും
അതിന്റെവസാനമിരിക്കുന്ന
കറുപ്പും വെളുപ്പും തുമ്പിയും......

ചില്ലുപൊട്ടിയ റാന്തൽ വിളക്ക്
മണ്ണെണ്ണ മണത്തിൽ
കാറ്റിനെ വെല്ലുവിളിച്ചോർമ്മയിൽ
മൂലയ്ക്കിരിപ്പുണ്ട്

മടങ്ങുമ്പോൾ തൊടിയിൽ
നവധാന്യം മുളച്ചിട്ടുണ്ട്
കുറുമ്പിക്കോഴിയെ
ഓല നിവർത്തിയിട്ട് തടഞ്ഞു

സെറ്റുമുണ്ട് കീറിയുണ്ടാക്കിയ
അന്തിത്തിരി
കല്ലിന്റുച്ചിയിൽ നിന്നും “പോകുവാല്ലെ?’
എന്നു ചോദിച്ചത്
നിങ്ങളൊക്കെ കേട്ടുകാണും
എനിക്കിനി അതൊക്കെ
കേട്ടിട്ടെന്തിനാ.
ഒരുങ്ങിവരുന്ന
രാത്രിയെ
പൂച്ച കണ്ണ്‌ കാട്ടി
വിറപ്പിക്കും

ചെങ്കണ്ണൻ കുട്ടന്‌
പകലോടി കളിക്കാൻ
ആകാശം വിടർത്തിയിടും

കുന്നിൻ മേലെ
പച്ചയുടുപ്പിക്കാൻ
പാടത്തെ ദാഹം
തീർക്കാൻ

“ബടെട്ര ദെ ഇബ്ടെട്രാ”
എന്ന്
ഇടിമിന്നൽ വടികൊണ്ട്
മേഘത്തെ
അടിച്ച് മുള്ളിക്കും

ഇതൊന്നും കണ്ടിളകാതെ
ഉള്ളിലൊരു കടലുറങ്ങുന്നുണ്ട്
 

നിർജലസമസ്യ


പൂഞ്ഞാട്ടി
ഈ കുളത്തിന്റെ നാഥൻ
തലയിൽ
വെള്ള അംഗവസ്ത്രം
ധരിച്ച് ആകാശത്തെ
ഡൈവിങ്ങ്
പടിപ്പിക്കുന്നു

സിലോപ്പിയ
ഈ പാടത്തിന്റെ
അമ്മ
വായിലേക്ക് നൂറ്‌ മക്കളെയും
കടത്തിവെച്ച്
കപടധ്യാനത്തിലെ
ശ്വേത സന്യാസിയെ
തിരിഞ്ഞുനോക്കാതെ
സ്റ്റാൻഡ് മാറുമ്പോൾ


പള്ളത്തി ഈ തോടിന്റെ
ഗറില്ല
നീയെന്നെ ഞൊട്ടും എന്ന മട്ടിൽ
ചേറിലേക്കൊരു
പൂളൽ
പൗലോസും
വലയും നാണിച്ച്
കരയിലേക്ക്വരാൽ
ഈ അമ്പലക്കുളത്തിന്റെ കുളത്തിന്റെ
വഴുവഴുപ്പ്
ചൂണ്ടക്കാരൻ ജബ്ബാറ്‌
നാല്‌ തെറി നീട്ടിവിളിച്ചു
ചുവന്ന മക്കളെയുമേറ്റി
അമ്മ പാടവരമ്പിൻ
തീരത്തൊക്കെ
ഭയത്തോടെ
കൂടുമാറിയതറിയാതെ

ഞണ്ട് ഈ കായലിന്റെ
വില്ലൻ
ഇറിക്കിപെറുക്കി
ചെറിയ ജീവിതം
എങ്ങാനും വിരൽ വെച്ചു
തന്നാൽ
ചുമ്മയൊന്നിറുക്കിയേക്കാം


പരൽ മത്സ്യം
ഈ ആമ്പൽ പാടത്തെ
കോളേജ് താരുണ്യം
സ്റ്റൈലാ
ഫുൾ സ്പീഡാ
ഗ്രൂപ്പ് ഡാൻസാ
ചിലപ്പോൾ
റൊമാൻസാ
പറഞ്ഞു തീരും മുന്നേ
മാച്ചിസ്മോ വേഗത്തിൽ
രൊറ്റപ്പായൽ.

പായൽ ഈ കുളത്തിന്റെ
നിഗൂഡത
ഇടയ്കിടെ വെട്ടിനോക്കുന്ന
വരാൽ വെളിച്ചത്തെ
ഭയന്ന്
ആകാശത്തിൽ നിന്നും
ജലത്തെ മറച്ചു വെച്ച്
ഉച്ചമയക്കത്തിനിടയിൽ
കൈതക്കിടയിലേക്ക്
നീളൻ ചേരയെ
ഇഴച്ചുവിട്ട്
ഒരു പച്ചക്കിടപ്പാണ്‌
വളരുന്ന മക്കളെ
ധൈര്യത്തിൽ വാഴിച്ച്
പൊന്മാന്റെ ചുണ്ടേറിയ
അമ്മമത്സ്യം
ചൊല്ലി
നമ്മളെയിത്രനാൾ പോറ്റിയ
പായലമ്മയാണെ സത്യം


വെള്ളമേ
നീ ഞങ്ങൾക്ക്
പ്രാണൻ
ചൂണ്ടക്കുരുക്കിന്റെ
പ്രലോഭനത്തിൽ
മണ്ണിൽ
പിടച്ച്
പിടച്ച്....

ഇരതേടലിന്റെ
ബലത്തിൽ
ഒറ്റിക്കൊടുത്ത
ടങ്കീസേ...

ഇരവെച്ച്
ഇരപിടിക്കുന്ന
കപടലോകം
ഞങ്ങൾക്കില്ലെന്ന്
നിങ്ങൾ സാക്ഷി.

റീത്ത്
വെട്ടി നൂറായ് ചിതറിയജീവനെ
പട്ടിലേറ്റിയാപട്ടടയ്കേകവെ
ചുറ്റുമായ്നൂറു പുഷ്പഹാരങ്ങൾ
ചുറ്റിമേയുന്നു കണ്ണുനീർമേഘവും

എത്രനാൾ...?
മരുമകൾ പിറുപിറുക്കുന്നു.
കട്ടിൽ മാത്രം മിണ്ടാതെ കിടന്നു
കൺ മിഴികൾ
ഇടയ്ക്ക് നനഞ്ഞു തോരും
കാഴ്ചക്കാർ വല്ലപ്പോഴും
വഴിതെറ്റി വന്നെന്നൊക്കെയിരിക്കും
കാത്തു കാത്തൊടുവിൽ
ഒരു വെളുപ്പാൻ കാലത്ത്
ആകെ വെച്ച രണ്ട് റീത്തിൽ
ഒന്ന് തായങ്കാട്ട് ഭജന സംഘം വക
തൊണ്ട പൊട്ടി പാടിയ
ഉണർത്തുപാട്ടുകൾക്കുള്ള
മൃതിചിഹ്നം.

പറഞ്ഞിരിക്കാതെയാണ്‌
ഗ്രാമത്തിലേക്ക്
വണ്ടി കൊക്കയിലേക്കെന്നപോലെ
അലറിവിളിച്ചു വീണത്
ആരൊക്കെ ആരൊക്കെ??????
സംശയങ്ങളും നിലവിളികളും
പന്തലിനൊപ്പം ഉയർന്നു വന്നു.
എന്റെ വേളാങ്കണ്ണി മാതവെ
നീ ചതിച്ചല്ലെ....?
ക്ളബ്ബുകൾ,പാർട്ടിക്കാർ,നാട്ടുകമ്മറ്റിക്കാർ
അയല്ക്കൂട്ടം ഒക്കെ
കണ്ണീരിൽ കുതിർന്ന പൂവളയം
പ്രതീക്ഷിക്കാത്ത നേരത്ത്
അമ്പരപ്പിൽ ബഞ്ചിൽ നിന്നും
ഡെസ്കിലേക്ക് ചാരി വെച്ചു.

അവിടെയായിരുന്നു
നടുക്കം ഹൃദയം പൊട്ടി നിന്നത്
റീത്ത് അമ്പരന്നു
ഇത്ര വലിയ ഞാൻ
ഈ കുഞ്ഞു ദേഹത്തിൽ
ഒരു പനീനീർ പൂവ് മതിയായിരുന്നു
ഉമ്മ കൊടുക്കേണ്ട
കുഞ്ഞുമേനിയെ
ഞെരിച്ചമർത്തി
പൊന്തയിലിട്ട
കാമമേ
നിനക്കാണീ
റീത്ത് .
 

സ്പെഷ്യൽ ക്ളാസ്മരങ്ങളുണ്ടായിരുന്ന നാളുകൾ
മഞ്ഞു പെയ്തു 
മഴപെയ്തു
ഉർവ്വരയായ
ഒരു കാലത്തെ
അനന്തമായ മൗനത്തിലൂടെ
മരുഭൂമി
ഓർമ്മിച്ചെടുക്കുയായിർന്നു


കാട് കരഞ്ഞു
വിളിച്ചുകൊണ്ടിരുന്നു
ഇറുത്തുമാറ്റി
നാടേറിപോകുന്ന
ശരീരത്തെയോർത്ത്

മല മിഴിപൂട്ടി നിന്നു
കുഴിച്ചെടുത്തു
കുന്നുകൂട്ടി
തലയാട്ടി പോവുന്ന
ടിപ്പറുകളെ നോക്കി

നദി താണുതൊഴുതു
താഴ്ത്തിക്കോരി
നീട്ടിപാടി
മണൽ
വള്ളത്തിലേറി
പോലിസ് കാവലിൽ
മാഞ്ഞു

ഗ്രാമം മൂക്കു പൊത്തി
നഗരം ഇടയ്ക്കിടെ
തൂറുന്ന വീപ്പകുറ്റികളെ
വിസർജ്ജിക്കുന്നത്
അറപ്പോടെ നോക്കി

നഗരത്തിനുമാത്രം
ഒന്നിനും നേരമില്ലെന്നെ
ഓട്ടത്തോടെ ഓട്ടം
കാട് വെട്ടണം
മലതുരക്കണം
മരമെരിക്കണം


എന്നെങ്കിലും ഒരു മഴ
ഇല്ലെങ്കിൽ പുഴ
വഴി തെറ്റി വന്നാലോ
അതേ നഗരം
മരുഭൂമിക്കു പഠിക്കുവാണ്‌.

പുലിവാൽ ചോദ്യങ്ങൾക്കിടയിൽ
=======================
പൂവങ്ങനെ പലതും
പറയും തുമ്പിവന്നന്നും
ഉമ്മതന്നന്നും
തേൻ നുകർന്നെന്നും
കൃത്യമായ തെളിവില്ലാതെ
ഇതൊക്കെ എങ്ങനെയാ
വസന്തത്തോടു പറയ്ക?.

മരമെത്ര കിളിയെ കണ്ടതാ
കൂടുകെട്ടിയതും
മുട്ടിയുരുമിയതും
മുട്ടയിട്ടതുമായങ്ങനെ
പുലർവെട്ടം തൂവലിറുക്കാതെ
ഒരന്വോഷണവും
ഉണ്ടാവത്തില്ല.

കടലിനോടാ കളി
ഹും,
കുളിക്കിടയിൽ
മൂത്രമൊഴിച്ചവരെത്ര
മറക്കുടയ്ക്കിടയില്
ഉമിനീരൊപ്പിയവരെത്ര
എന്തിനധികം പറയുന്നു
ഒറ്റവാളപോലും
കര നന്നാണെന്നു പറയാൻ
തിര സമ്മതിച്ചിട്ടില്ല
പിന്നെന്തു പരാതി?.


കുത്തി കുത്തിച്ചോദിച്ചാലും
ആകാശം മാത്രം
ഒന്നും മിണ്ടത്തില്ല

ഒന്നും കണ്ടെന്നു നടിക്കില്ല

മേഘം പെയ്താലും
മഞ്ഞു തോർന്നാലും
വെയിലുണർന്നാലും
നക്ഷത്രക്കുട്ടന്മാരെ
രാത്രി കിടത്തിയുറക്കും വരെ,

പിന്നൊരു കരച്ചിലാ
ഹെന്റമ്മോ സങ്കടം തോന്നും
ഇടയിൽ
എന്റെ കണ്ണു തോർന്നൊന്നു
തലയുയർത്തിയൊന്നു
നോക്കിയാലായ്
 — 

നേർത്ത വിചാരംസെക്കൻഡ് ഷോയ്ക്ക് ശേഷം
ഉറക്കം വരണോ അതോ
വരണ്ടയോ എന്ന മട്ടിൽ 
ശങ്കിച്ച് ശങ്കിച്ച്
കിടയ്ക്കരികിലൂടെ
വട്ടമിടുന്നു

വട്ടമിട്ടതാണെന്നൊന്നും തീർത്ത്
പറയാൻ പറ്റില്ല
ചിലപ്പോൾ നീളത്തിലും
ചതുരത്തിലും ഒക്കെയാവമല്ലോ
എന്നൊരുപമ ചുറ്റി പറ്റി
നില്പുണ്ടായിരുന്നു

എന്തോ അനങ്ങിയോ?
ഉപയാണോ അതോ
ഉറക്കമാണോ
അതോ വല്ല പെരുച്ചാഴിയോ
മറ്റോ...
അല്ല പറയാൻ പറ്റില്ല,
കേരളമല്ലെ
സംശയിക്കാൻ
യക്ഷിയൊന്നും
ഈ വഴി വരത്തേയില്ല.

ഒരു കുഞ്ഞു കരച്ചിൽ കേൾക്കുന്നുണ്ട്
ഏതെങ്കിലും അച്ഛന്‌ മദം പൊട്ടിയോ ദൈവേ
അല്ല പറയാനും വയ്യ പറയാതിരിക്കാനും വയ്യ

എന്തായിരിക്കാം കേട്ട ഒച്ച
എന്നാലോചിക്കുന്നതിന്റെ
ഒച്ച തലയിൽ കേട്ടുതുടങ്ങി
ഒരു പാലമിട്ടാൽ എങ്ങോട്ടും
പോകാമല്ലൊ
വേണമെങ്കിൽ
ഒത്ത നടുക്കെത്തുമ്പോൾ
ചാടുകയും ആകാം

വീണ്ടും ഒച്ചകേട്ടു
ഉറപ്പായ് എന്തോ ഉണ്ട്
ഈ ചെറിയ മുറിയിൽ
എന്താവും
രാത്രിയെ കബളിപ്പിക്കാൻ
അല്ല എന്നെ പറ്റിച്ചിട്ട്
എനിക്ക് പോലും
ഒന്നും നേടാനില്ലാത്ത സ്ഥിതിക്ക്
പറ്റിക്കാനും ആരെങ്കിലുമൊക്കെ വേണ്ടെ
രാത്രിയാവുമ്പോ
വല്ല്യ പുള്ള്യല്ലെ
എല്ലായിടത്തും
അറിയപെടുന്നയാൾ

ഇക്കാലത്ത് പേടിപ്പിക്കണമെങ്കിൽ
വെല്ല്യാൾക്കാരെത്തന്നെ വേണമല്ലൊ
അപ്പോൾ
പ്രിയപ്പെട്ട രാത്രി
പേടിക്കാൻ തയ്യാറായിക്കൊള്ളു
ഞാനും ഈ കേട്ട ഒച്ചയും കൂടി
നിന്നെ
പേടിപ്പിക്കാൻ പോകുവാണ്‌.
ഒരാൾ കളിക്കുമ്പോൾ
ആവേശം കൂട്ടുന്ന മറ്റൊരാളുണ്ടാവുമല്ലൊ
ഞാൻ ആറോളിലാണെ
അപ്പോ നീ പേടിക്കാൻ തയ്യാറെടുത്തൊ
എന്നു പറഞ്ഞു തീർന്നതും
വീണ്ടും ആകാശത്തെ നടുക്കി
ഭൂമിയെ വിറപ്പിച്ചു
ജലത്തെ പ്രളയമാക്കി
ഒരു ഭീമാകാരമായ ഒച്ഛ
പേടിച്ചുകാണും ..
രാത്രി പേടിച്ചുകാണും
ആരെങ്കിലും സൂര്യനെയും കൊണ്ട്
കള്ളപണിയിൽ ഏർപ്പെട്ടിരിക്കുന്നവരെ
റെയ്ഡ് ചെയ്യാൻ വന്നതാവും
ശ്ശൊ ആശങ്കകളങ്ങനെ ആകാശം മുട്ടെ
തൂങ്ങി നിന്ന് മടുത്ത
ഒരു
എട്ടുകാലി ജഡം
താഴെക്കു വീണതായിരുന്നു.
.===========================
ആദ്യം മുങ്ങിയ കടൽ
നീയായിരുന്നു
അറ്റമില്ലാതെ ആഴം തീരാതെ
തിരയൊടുങ്ങാതെ കാറ്റടങ്ങാതെ
അങ്ങനെയങ്ങനെയൊക്കെ ഇവിടുണ്ട്

ഇതിലുള്ളതെല്ലാറ്റിലുമിതിലില്ലാത്തതെവി
ടെയുമില്ലന്നറിയിച്ച വ്യാസപ്രപഞ്ചമേ
നിന്നുച്ഛിഷ്ടത്തിൽ എന്നുശ്വാസം തുടങ്ങി

പിന്നെ നാട്ടുകായലിലേക്കായിരുന്നു
മീനുണ്ട് ഞണ്ടുണ്ട് മണമുണ്ട്
കുഞ്ഞ് തിര , തുഴഞ്ഞാലെത്തുന്ന മറുകര
കണ്ടുതീർക്കാവുന്ന ആകാശം
ചെറിയപായ് വഞ്ചികൾ

അവിടെന്നെന്റെ കൈപ്പുഴ
കിലുക്കമുണ്ട്,തെളിമയുണ്ട്
കുളിർമ്മയുണ്ട്
മേലാകാശത്തിന്‌ നീലിമയും

ഒടുവിലാ
നീരുറവ
ഹൊ
ഒഴുകിത്തീരാതെ......

പിന്നോട്ടൊഴുകുകയായിരുന്നു

ആദ്യ വളവിൽ തന്നെ
വിട്ടകന്ന മുഖങ്ങളെല്ലാം
ആകാശമുയർത്തി കാട്ടി

പിരിഞ്ഞുപോയ ചില്ലയിലെ
കൂടിപ്പോഴും മരത്തോട്
ഒട്ടി നില്പാണ്‌

പാടവരമ്പിലെ കുഴിയിൽ
തവള
നിറഞ്ഞൊഴുകിയയ രാവുകളെ
ധ്യാനിക്കുന്നുണ്ട്.

കുട്ടികൾ ആർപ്പുവിളിച്ച്
മുങ്ങാം കുഴിയിട്ടെടുത്ത
അടിമണ്ണ്‌
ഉയർത്തികാട്ടുന്നുണ്ട്
വഴിക്കാറ്റ്

എന്നോ വള്ളപടിയിൽ
പങ്കായം മുട്ടുന്നോരോർമ്മ
കൈതക്കാടോർത്തു
തലയാട്ടുന്നു

പ്രണയകേളിക്കിടയിൽ
വാതുറന്നാകാശം മുത്താനെത്തിയ
പരൽ മീനിപ്പേഴോ
പൊന്മാന്റെ വേഗകരുത്തിൽ
ചുണ്ടേറിപ്പോയതോർത്ത്
കവളപ്പാറ
നെടുവീർപ്പിടാറുണ്ട്


കല്ലിൻ കൂട്ടങ്ങൾക്ക് മീതെ
ഒരു നീർക്കാക്ക
ചിറകുവിതർത്തിയുണങ്ങുന്നുണ്ടോയിപ്പോഴും?
അരുവിയിലേക്ക്
തെങ്ങിടയ്ക്കൊന്നാടി
നോക്കുന്നുണ്ട്

തിരിച്ചൊഴുകാൻ
കടലിലെത്താൻ
മഴയമ്മേ
കൊതിക്കുന്നുണ്ടെന്നും

നീപോയാലുടൻ..
ഈ മണലാരണ്യത്തിനു
പൊടിക്കാറ്റല്ലാതെ
നനവോരോർമ്മ മാത്രം
 
അറ്റം കാണാത്ത 
അവനവൻ കടലിൽ
തുഴയുന്നു

മുന്നേറിയെന്നോ 
പിന്നിലായെന്നോ
പറയാമ്പറ്റില്ല
കടലല്ലെ

തീർന്നതും തീരാത്തതും
കണക്കാ
വന്നതും വരാത്തതും.

മെലിഞ്ഞ കാലത്ത്
വലഞ്ഞ സ്വപ്നങ്ങൾ
തെളിഞ്ഞ നേരത്ത്
വരണ്ട ദുഖങ്ങൾ

പറഞ്ഞതും പറയാത്തതും
പതിരാ
കരഞ്ഞതും പിരിഞ്ഞതും

ഉപ്പെന്നൊന്നുമ്പറയാമ്പറ്റില്ല
ഒപ്പമെത്ര കടലുണ്ടെന്നും
എങ്കിലും കടലിനു
കണ്ണിന്റെ ആഴമുണ്ട്


നിലയ്ക്കാത്ത തിരയെയൊന്നും
പിടിച്ചു കെട്ടാമ്പറ്റില്ല
ഒപ്പമുള്ള കടലിനും
ഇതേ സങ്കടം
ആ കടലിന്‌
ഹൃദയത്തിന്റെ മിടിപ്പാണ്‌

ഒരു കടലിലെത്ര കടലുണ്ടെന്ന്
കണ്ണെപ്പോഴും പരതി നോക്കുന്നുണ്ട്

തിരയിലെത്ര നുരയുണ്ടെന്ന്
ഹൃദയമിടയിടെ
തൊട്ടറിയുന്നുണ്ട്

സങ്കടക്കടലുപ്പെന്നും
സന്താപത്തിരനുരയെന്നും
ആർക്കും ആരെയും
കണ്ടെത്തിക്കളയാം
എന്ന ഒരു സ്കാനിങ്ങ്
റിപ്പോർട്ട്
കണ്ണിന്റാഴത്തിൽ
മുങ്ങിയിരിപ്പുണ്ട്

ഒരിക്കലും വറ്റില്ലെന്നും
ഒരുയിരും
അവസാനിച്ചിട്ടില്ലെന്നും
ഒരെഫൈയാർ
തിരതല്ലുന്നിരമ്പമായ്
ഹൃദയഭിത്തിയിൽ
മുദ്രവെച്ചിട്ടുണ്ട്.

ഇത്രയാഴത്തിൽ ഒരു വേരും
ജലം തേടിയിറങ്ങിയിട്ടുണ്ടാവില്ല

ഇത്രയുയരത്തിൽ ഒരു കിളിയും
ചില്ല തേടിപറന്നിട്ടുമുണ്ടാവില്ല

ഒരു മഴയും , വെയിലും , മഞ്ഞും
ഇത്ര ഭൂമിയെ പൊതിഞ്ഞു നിന്നിട്ടുണ്ടാവില്ല

ഒരു പൂമ്പൊടിപോലും പൂവിനെ
ഇത്രമേൽ സ്നിഗ്ദമാക്കിയിട്ടുണ്ടാവില്ല

ഒരു പൂക്കാലം പോലും വസന്തത്തെ
ഇത്ര സുഗന്ധപൂരിതമാക്കിയിട്ടുണ്ടാവില്ല

ഒരു കടലും അത്ര വിശാല തീരം കാട്ടി
കരയെ തൊട്ടുണർത്തിയിട്ടുണ്ടാവില്ല

ഒരു മലയും മഞ്ഞണിഞ്ഞു വെളുത്ത്
ഇത്ര മുഗ്ദമായ് തപസ്സു ചെയ്തിട്ടുണ്ടാവില്ല

അതുകൊണ്ടല്ലയോ ജീവിതമേ
മരണവുമായ് തൊട്ട് ഇരുളും വെളിച്ചവും
പ്രണയത്തിലെന്ന പോലെ
എന്നെ നിന്നക്കുള്ളിൽ
വിത്തായ് പാകിയിരിക്കുന്നത്