അങ്ങനെയിരിക്കുമ്പോ
ഒളിച്ചോടിപ്പോകാൻ മുട്ടും
അല്ലെതന്നെ
ആരും കാണാത്തിടത്താണിരുപ്പ്
ഒളിച്ചിരിക്കാൻ ഒരാളുടെ ഉള്ളിന്റത്ര
വിശാലമായ ഒളിയിടം കിട്ടില്ല.
സ്വന്തം ഉള്ളിലോട്ട്
ആരും നോക്കത്തില്ലാത്തകൊണ്ട്
സ്വസ്ഥമായിരിക്കാം.
എന്നാലും ചിലപ്പോൾ
ആരും അന്വോഷിക്കാതിരിക്കുന്നതിന്റെ
വെറുപ്പിൽ
മറ്റുള്ളവരെയൊക്കെ
നിരന്തരം അന്വോഷിക്കുന്നെന്നും
നമ്മളെമാത്രം ആരും
തിരയാറും കണ്ടെത്താറുമില്ലെന്ന
കണ്ടെത്തലിൽ
ഒളിച്ചിടത്തുനിന്ന്
ഒളിച്ചോടിപ്പോകാൻ തോന്നും
ഇനിയെങ്ങോട്ടാപോകേണ്ടതെന്ന്
സ്വയം ചോദിക്കും.
അങ്ങനെ പോയിപ്പോയ്
എങ്ങാണ്ടക്കെയായിപ്പോയരൊളാണെന്ന്
തോന്നത്തെയില്ല.
നിറയെ ആൾക്കാർക്ക് നടുവിൽ
തനിച്ചിരിക്കുന്നതാണോ
തനിച്ചിരിക്കുന്നവർക്കിടയിൽ
നിറയെ ആൾക്കാർ വന്നതാണോ
എന്നു നോക്കാൻ ശ്രമിക്കും
എന്നിട്ട് അടങ്ങിയൊതിങ്ങി
ഒളിച്ചോടിപ്പോകും.
പോയ് കഴിയുമ്പോഴും
നമ്മൾ പോയവിവരം അവരറിയാത്തപ്പോ
സങ്കടം വന്നു തിക്കിമുട്ടും
എങ്ങോട്ടെങ്കിലും
ഒളിച്ചോടിപ്പോകാൻ തോന്നും
അങ്ങനെപോയിപ്പോയി
ഇപ്പോൾ
ഒരു പുതിയ ഗ്രഹം
കണ്ടുപിടിച്ച സംതൃപ്തിയിലാണ്‌
പകലിൽ നിന്ന് രാത്രിയിലേക്കും
രാത്രിയിൽ നിന്ന് കരച്ചിലിലേക്കും
കരച്ചിലിൽ നിന്ന്
ഒളിച്ചോടലിലേക്കും മാത്രം
വാതിലുകളുള്ള
ഒരു ഗ്രഹം.
പ്ളൂട്ടോയെന്നൊ യൂറാനെസ്സെന്നോ
ഒക്കെപ്പോലെ
തീരെ കൊള്ളില്ലാത്ത പേരൊന്നുമിട്ട്
നാറ്റിക്കരുതെന്ന അഭ്യർത്ഥനയോടെ
ഞാൻഗ്രഹം എന്ന
നിരന്തരം ഒളിച്ചോടിപ്പോകുന്ന
ഒന്നിനെ എനിക്കുള്ളിൽ...

കണ്ടോ കണ്ടോ
അത്രേം പറഞ്ഞപ്പോൾ തന്നെ
അത് ഒളിച്ചോടിപ്പോയ്.
കൂരിരുട്ടിന്റെ മൂന്നാം വളവിൽ
ഒപ്പത്തിനൊപ്പം ചീവിടമറുന്നതും
കടവിലേക്കുള്ള വഴിയിലെ
രാത്രിമുല്ലയിലെ കിളിക്കൂട്
കാറ്റിലുലയുന്നതും
ആരും അറിഞ്ഞെന്നുവരില്ല ,
കൽക്കെട്ടിൽ താളമിടുന്ന
രാത്രിയോളങ്ങളുടെ
സുരതശ്രുത്രിയിൽ
എവറടി ടോർച്ചിന്റെ മഞ്ഞ വെളിച്ചം
ജമണ്ടനൊരു കൊഞ്ചിന്റെ
കണ്ണിൽ നിലയുറപ്പിക്കുന്നു
ചീകി മിനിക്കിയൊരു
ഈർക്കിൽ കുരുക്ക്
കൊഞ്ചിന്റെ നീളൻ കാലുകൾക്കകത്തേക്ക്
ഞാനൊരു കുരുക്കൊന്നുമല്ലെയെ
ന്നമട്ടിൽ പ്രവേശിക്കുന്നു
വീട്ടിൽ നിന്നിറങ്ങെ
നീയാ സാക്ഷയിട്ടേരെന്നലസ
ഗൗരവത്തിൽ ഇറങ്ങിപ്പോകെ
വേലി മറവിൽ നിന്നകത്തേക്ക്
കയറിയ നിഴൽ കരുക്കിനും
നല്ല കരുത്തായിരുന്നു .
അഞ്ചാമത്തെ കൊഞ്ചിന്റെ വെപ്രാളം
അയാളെ തെല്ലൊന്നു രസിപ്പിച്ചു
കൂടയിൽ വീണിട്ടും
മുടിഞ്ഞ തുള്ളിച്ചാട്ടം
അതെത്ര കണ്ടിരിക്കുന്നു
അയാൾ കാണാത്ത ചിലത്
ഇരുട്ടിന്റെ മറപറ്റി
സാക്ഷയിടാതെ
അവളും  .
ഷാപ്പിലെ ബഞ്ചിന്റെ
ഉളുമ്പുമണത്തിൽ
ജാരനയാളെ പുകഴ്ത്തി
ചേട്ടനീക്കുരുക്കിട്ടു പിടിച്ചത്
മൊളകരച്ചു വെച്ചിട്ട്
നല്ല സൊയമ്പൻ സാധനം.

ന്ലാവെളിച്ചം
കായലിലച്ചുതല്ലി വീണിളകി കൊണ്ടിരുന്നു.
അതൊരു വരവായിരുന്നു
ജലറാണിയുടെ കുപ്പായവുമിട്ട്
ദേഹം മുഴുവൻ പുള്ളിക്കുത്തും നിറച്ച്
ജലകണികകൾക്കൊക്കെ
തൊടുമ്പഴെ നാണം വന്നു
"രൊന്നൊന്നര കരിമീനാണെന്റെ പള്ളി"
നെടുവീർപ്പിടാതയാൾ
അമർന്നിരുന്നു
ഒറ്റ കുത്ത് , പിടച്ചിൽ .
കരിമീൻ കുട്ട നിറഞ്ഞു
പതിവിലും സന്തോഷത്തിൽ
തിരിച്ചു വരുമ്പോൾ
വാതിൽ തുറന്നു മലച്ചു കിടന്നു
വേലിമറയിലെ നിഴലിനൊപ്പം
പെണ്ണനക്കം പോയ് മറഞ്ഞു.
പിന്നെയയാൾ ആ ഷാപ്പിലേക്ക്
പോവതായ് .

വാവടുത്തിരുന്നു
മഴയിരച്ചിറങ്ങി
കായൽ മിണ്ടാതെ
മഴത്തുള്ളി പുതച്ചുറങ്ങി
ചതഞ്ഞ മാംസക്കഷണത്തിന്റെ
രുചിയിൽ
വലയൊന്നും കൂസാതെ
സ്വർണ്ണപ്പല്ല് കൊണ്ടൊരുഞണ്ട്
'രംഗപടം സുജാതൻ ' പണി തുടങ്ങി.
അങ്ങനെ എട്ടാമത്തെ
കിരുകിരുക്കത്തെ പതിയെ
അയാൾ ഉയർത്തിയെടുത്തു.
മാംസക്കഷണത്തിൽ അള്ളിപ്പിടിച്ച്
ഞണ്ടും വലയും ഉയർന്നു പൊങ്ങി
വീശിയടിച്ച കാറ്റിന്റെ ഉന്നം തെറിച്ച്
ചില്ലിതെങ്ങിന്റെ അണ്ടത്തു നിന്നും
ഉന്നം പിഴയ്ക്കതെ
ചാട്ടുളി പോലെ  തേങ്ങ
പറന്നിറങ്ങി
'യ്യോ' എന്ന് കായലും വലയും
കൂടയിലെ ഞണ്ടുകളം
ഒച്ചുവയ്ക്കും മുന്നേ
ഇതൾ കൊഴിയും പോലെ
അയാൾ വെള്ളത്തിന്റെ
തണുവിലേക്ക്
കുഴഞ്ഞുറങ്ങി
ഓളങ്ങളിൽ
സ്റ്റെപ്പിട്ട്
തേങ്ങയും ചുവട് വെച്ചു.
രാത്രിയിലെ പാടവെളിച്ചം
വാതിലടച്ചു സാക്ഷയിട്ടു.
എങ്ങോട്ടും പോകാനില്ലാതെ
ഞണ്ടുകൾ കൂടയിൽ
വട്ടംചുറ്റി.
കായൽ ചൂരേറ്റ്
തിണർത്തദേഹത്തിൽ
കഥയറിയാതെ
മറ്റൊരു ഞണ്ട്
രംഗപടം സുജാതൻ
വരച്ചു തുടങ്ങി .
നിശബ്ദതകളെ കൊളുത്തിയുണ്ടാക്കിയ
മേഘങ്ങളിലൊന്നിനാലാണ്‌
തനിച്ചിരിന്നുറഞ്ഞുപോയ
കാലത്തെ മണത്തത്
ഇന്നലെ എന്ന പേരിൽ
ഒരു ദിവസമുണ്ടായിരുന്നു
ഇന്നലെ എന്ന പേരിൽ
മരുന്നുമണക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു.
വലിയ മൂന്ന് കുപ്പികളിൽ നിന്ന്
ടോണിക്ക് കുപ്പിയിലേക്ക്
രുചിതെറ്റിക്കുന്ന നിറമുള്ള
ദ്രാവകത്തിനൊപ്പം
കൂട് വിട്ടുപോയ രോഗദിനങ്ങളും
ഇന്നലെയെന്ന പേരിലെ
നാട്ടുവഴിയിലുണ്ടായിരുന്നു.

തൂമ്പക്കാലിൽ രണ്ടായ്
പുളഞ്ഞമണ്ണട്ട
അബദ്ധത്തിൽ ചവിട്ടിയ
കോഴിത്തീട്ടത്തിന്റെ വിട്ടുമാറാത്തമണം
കായൽ പുറ്റിന്റെ
ഉളുമ്പുമണം തങ്ങിയ കൈത്തണ്ട
കൈവട്ടയിൽ പൊട്ടാസ് പൊട്ടിക്കുവാൻ
പൂവരശ്ശിന്റെ ഇല
അതിനടിയിൽ ജീവനെ ധ്യാനിച്ച പുഴു
ഇന്നലെയെന്ന ദിവസത്തിൽ നിന്നും
ഇവയെല്ലാം എങ്ങോട്ടെന്നില്ലാതെ
ഇറങ്ങിനടക്കാറുണ്ട്.

ഉച്ച വേർപ്പുമണത്തിന്റെ
പിരിയൻ ഗോവിണികളിലൊന്നിൽ
ദീർഘനിശ്വാസംവിട്ട് പുളയുന്ന
നിന്റെ ശരീരത്തിന്റെ ഇടനാഴി.
കയറാനുള്ളതോ ഇറങ്ങാനുള്ളതോ
എന്നറിയാതെ എന്നുമെന്നിൽ ദിശഭ്രമിപ്പിച്ച്
പിരിയൻ ഗോവിണി
പണ്ടാരും ഉപേക്ഷിക്കാൻ പോലുമില്ലാതിരുന്നിട്ടും
ഉപേക്ഷിച്ചുപോയൊരു നീളൻ ഫാക്ടറിയുടെ
ശൂന്യമായ അകത്തളം പോലെ
ശ്വാസം മുട്ടിക്കാനുറച്ച്
പൊടിയും മാറലകളും ധ്യാനനിരതമായ്
ഇന്നലെയെ തന്നെ തൊട്ടുനില്ക്കുന്ന
നാളെയെന്നൊരുനഗരത്തിലേക്ക് കൂട്ടുന്നു

തയ്യൽ സൂചിയുടെ സുരതവേഗത്തിൽ
പഴുതാരപ്പുളച്ചിലിലൊരു നഗരതാളം
താഴേക്ക് താഴേക്ക് ഞൊറിയിട്ടിറങ്ങുന്നുണ്ട്
അതിനൊപ്പം പുതുമണം പരക്കുന്നുണ്ട്
അതിൽ കുരുങ്ങിവേണം രാത്രികൾക്ക് നീളംവെയ്ക്കാൻ
പകൽ വെളിച്ചം തളർന്നുണരാൻ

കരകവിഞ്ഞൊഴുകാത്തതു കൊണ്ട്
തീരത്തിരുന്നവരാരും ഗൗനിച്ചിരുന്നില്ല
ഒരിക്കലും വറ്റിയുണങ്ങിയിട്ടില്ലാത്തത് കൊണ്ട്
കുറുകെ കടക്കാനും തുനിഞ്ഞില്ല.
പുറത്തേക്കുള്ള വാതിലില്ലാത്ത
ഇന്നിൽ നിന്നും ഇറങ്ങിപ്പോവാൻ
എത്രയൊക്കെ ചതച്ചരച്ചിട്ടും
കുപ്പയിലെറിഞ്ഞിട്ടും
കൊന്നിട്ടും കെട്ടമണങ്ങൾ കൊണ്ട്
വീണ്ടും വീണ്ടൂം അഭിക്ഷേകിച്ചിട്ടും
എനിക്കെന്നെ തീരെ വെറുക്കാനാവുന്നില്ല
രണ്ടു നിറങ്ങളുള്ള
ഹൃദയത്തെക്കുറിച്ചുള്ള
കടങ്കഥ മുറിച്ചു
വിൽക്കുകയായിരുന്നു.
അടിവയറിൽ
പല ശബ്ദത്തിൽ
ഇരമ്പുന്നൊരു
കടൽത്തുണ്ടിൻ കഴുത്തിൽ
വിശപ്പിൻ ചെന്നായയുടെ
പിടി വിടുവിക്കുവാൻ
ഞാനും കാലവും
ഇരുട്ടിൽ നടപ്പാണിപ്പോഴും.
മുറിഞരമ്പുകളിലെമ്പാടും
മഷിപ്പച്ചകൊണ്ടു തുടച്ചു
എന്നിട്ടുമൊരില്ലാക്കാലത്തെ
എലുമ്പൻ ചെക്കൻ
ഞരമ്പു തെളിഞ്ഞു നിൽപ്പുണ്ട്.
നിക്കറിൻ പിന്നിലെ
മൂന്നാമത്തെ
വെല്ല്യ തുളയിലൂടെ
കറുത്ത ചന്തിയിൽ കടിച്ച
കട്ടുറുമ്പരഞ്ഞ പോലെ
എല്ലാ നേർദ്ദു:ഖങ്ങളെയും
അരച്ചുകളയും ഞാൻ.
ചിന്തിച്ചിരിക്കുന്ന തലയിലിഴയുന്ന
പേനേ ആഞ്ഞു കുത്തുന്ന ഈരേ
പാതിയുറക്കത്തിലുമലിവു കാട്ടാത്ത
ക്ഷുദ്ര സംഗീത സഞ്ചാരികളെ
മരിച്ചുപോയവരുടെ നാട്ടിലെ
മൂന്നാം തെരുവിൽ നിന്നും
വിലക്കിയിട്ടും
തിരിച്ചു വരുന്നത്
കണ്ണീരിൽ വിരിയുന്ന
മഴവില്ലിന് ഞാനില്ലെങ്കിൽ
ആറ് നിറമേയുള്ളെന്നറിഞ്ഞാണ് .

കഴിഞ്ഞ വർഷത്തെ നീക്കിയിരിപ്പ്
ഒരാൾ മാത്രം
കുരുങ്ങി വീഴുന്ന
കൂടുപണിയുകയായിരുന്നു.
നടന്നു പോയ
കനൽപ്പുറങ്ങളിൽ
ചുംബിച്ച്
പൊള്ളിയടർന്ന
തൊലി കുമിളയ്ക്കകം
നിറഞ്ഞിരിക്കുന്ന ജല സമുദ്രം,
ഉപ്പും പുളിയും ചുവയ്ക്കും
ഉള്ളു കാളുന്ന നീറ്റൽ പുറം .

ഒരാൾക്ക് മാത്രം
എരിഞ്ഞ് തീരാവുന്ന
ചിതയിൽ നിന്നും
വഴിതെറ്റി വന്നൊരു
കരച്ചിലിന്റെ വിലാസം കിട്ടി
ഗർഭപാത്രത്തിന്റെ
മൂന്നാമടരിൽ
കൊളുത്തി വെച്ച കിനാവിന്റെത്
ചന്ദന നിറമുള്ള കണ്ണും
പാൽ മണക്കുന്ന ചുണ്ടും
കാൽവിരലീമ്പുന്ന കനവും
കടം ചോദിച്ച് .

ഒടുവിൽ
ഒരാൾക്ക് മാത്രം
തെന്നി വീഴാവുന്ന
കൊക്ക പണിയുകയായിരുന്നു.
അവനവനെത്തിന്നുന്ന
വെറുപ്പിന്റെ
നീണ്ടുകൂർത്തൊരു
പാറത്തുമ്പിൽ നിന്ന്
പച്ചയിരുട്ടിന്റെഅഗാധതയെ
മഞ്ഞു പുതച്ചു മറച്ചുവെച്ച
കുഞ്ഞു മേഘക്കീറിന്റെ
തുഷാരഗർഭത്തിലേക്ക്
മടങ്ങി വരാത്തൊരു
വീടു പണിയുകയായിരുന്നു
ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷനെപ്പോലെയല്ല
ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ
ആരും വിലക്കാനില്ലെങ്കിലും
സ്വയം വിലക്കും
അടക്കിവെയ്ക്കാനൊത്തിരിയുണ്ടാവും
അടച്ചുവെയ്ക്കനും അടക്കി നിർത്താനും
സമയത്തും അസമയത്തും അപരിചിതരെ
വീട്ടിനുള്ളിൽ കയറ്റാറില്ല
വൈകിയെത്തുന്ന ഗ്യാസുകാരനും,
ഇലക്ട്രീഷ്യനും തെങ്ങുകയറ്റക്കാരനും
അധികമായ് പത്ത് കണ്ണുണ്ടോ
എന്നവൾ വെറുതെ സംശയിച്ചുകളയും
ഒരക്കം തെറ്റിവന്നമിസ്കോളിൽ
ഒരു രാത്രി ഉരുകി തീർക്കും
ആരോ വാതിലിൽ മുട്ടിയെന്ന പേടിയിൽ
പുലരുവോളം ഇരുട്ടിനുകൂട്ടിരിക്കും
പലിശക്കാരും പറ്റുകാരുമില്ലയില്ല
അടിപ്പാവടക്കെട്ടിൻ മുറുക്കത്തിൽ
വിശപ്പും കരച്ചിലും കുഴിഞ്ഞു നില്ക്കും
ഒട്ടുമിക്ക നിരാശകളെയും സാരിത്തലപ്പിൽ
വെയിൽ തടയാനെന്ന നാട്യത്തിൽ മറച്ചുപിടിയ്ക്കും
ഒറ്റയ്ക്കു സഞ്ചരിക്കുന്ന പുരുഷനെപ്പോലെയല്ല
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ
നീറി വലയുന്ന ഒരുവനു നേർക്കു പോലും
സഹതാപകണ്ണുനീളില്ല
ഒഴിഞ്ഞ സീറ്റിന്റെ അരികിലേക്കായ്
കാല്കുഴഞ്ഞൊരാളെ
‘ഇരുന്നോന്നു’ പറയില്ല.

കാലിലെ ചെരുപ്പ് പോലെ
പേടിയിൽ ചവിട്ടിയാണ്‌ നടപ്പ്

തനിച്ചെല്ലായിടവും ചുറ്റിവരണമെന്ന്
എന്നും സ്വപ്നം കാണും
മഞ്ഞുമലകളിലും കടൽത്തീരത്തും
അലസമായി കിടക്കണമെന്നും
തെരുവിന്റെ വിജനതയിൽ ഒറ്റയ്ക്കിരിയ്ക്കണമെന്നും
അവസാനിക്കാത്ത നിയോൺ വെളിച്ചങ്ങളെ തൊട്ടു
രാത്രിമഴയിൽ നനയണമെന്നുമൊക്കെ
ഏതുവഴിയിലും പ്രത്യക്ഷമാവുന്ന കാണാപിശാചുക്കളിൽ ,
പിൻ ഭാഗത്ത് അറപ്പ് പുളയ്ക്കുന്ന തോണ്ടലിൽ,
അറിയാത്തമട്ടിലെ ആണനക്കങ്ങളിൽ
തട്ടി തടഞ്ഞ് ഓരോ യാത്രയും
തുടക്കമിട്ട സ്വപ്നത്തിൽ തന്നെ ഒടുക്കമിടും

എന്നിട്ടുമെന്നിട്ടും തനിച്ചവൾ തന്നോട് തന്നെ
കഥപറഞ്ഞും പിറുപിറുത്തും
സദാ മന്ദസ്മിതം പൂകിയും
തനിക്കുള്ളിൽ തന്നെ നിരന്തരം
സഞ്ചരിച്ചുകൊണ്ടിരിക്കും.
ഒറ്റയ്ക്ക് മരിക്കുന്ന പുരുഷനെ പോലെയല്ല
ഒറ്റയ്ക്ക് മരിക്കുന്ന സ്ത്രീ
മരിച്ചശേഷം വിശുദ്ധമായൊരു വെളിച്ചം
അവൾ മുഖത്ത് തൂക്കിയിട്ടിട്ടുണ്ടാവും
അടഞ്ഞ ശേഷവും ചുറ്റിക്കാണുവാൻ
കാണാക്കണ്ണുകൾ
മുഖത്തൊളിപ്പിച്ച് വെച്ചിട്ടുണ്ടാവും.

പരിഭാഷകളില്ലാത്ത എന്തൊ ഒന്ന്

കാറ്റായിരുന്നു..
.................
പോറ്റിയിരുന്നത്
മാനമായിരുന്നു
നീറ്റിയിരുന്നത്
കാമമായിരുന്നു
മാറ്റിയിരുന്നത്
കാലമായിരുന്നു
എന്നൊക്കെപറഞ്ഞാവും
നീയെന്നെ തൊട്ടറിയുക
ഉയിരായിരുന്നു..
................
ഉണർവ്വിലല്ലയൊ
വഴികളൊക്കെയും
കരളിലൊപ്പമായ്
അഴിമുഖങ്ങളിൽ
ഉശിരിനൊപ്പമായ്
മൊഴിപടർത്തിയും
നീറ്റുനോവിലായ്
മിഴിനനച്ചവൻ
അലയുമെപ്പൊഴും
ഉലഞ്ഞമണ്ണിലായ്
കവിതയായ്പെയ്തുറഞ്ഞു
ചൊന്നു നീ
കനലായിരുന്നു..
................
വേണ്ടതൊക്കെയും അറിയുമായിരുന്നു
വേണ്ടാവഴിയിലൂടെലയുമായിരുന്നു
വേഗമൊക്കെയുമളന്നുകൂട്ടിയോൻ
വേഴ്ചവാഴ്ചകളളന്നു ചുറ്റുമായ്
മതി
ഇനി നമുക്ക് കാര്യം പറയാം
എത്രയൊക്കെ കൂടെ നടന്നിട്ടും
നീ കണ്ടെത്താത്ത ഒന്നുണ്ടെന്നിൽ
അത് തന്നെയാണ്‌ ഞാനും തേടുന്നത്.

ഞാനോ ആത്മകഥയിൽ ഇത്രയുമെഴുതെണ്ടത്


പിഞ്ഞിപൊട്ടിപോകുന്ന
ഓർമ്മനൂലുകളാലാണ്‌ സാർ
ഓക്സിജൻ നിർമ്മിക്കുന്നത്
പറഞ്ഞതത്രയും സത്യമാണ്‌ സാർ
കളവ് പറയാനിരിക്കുന്നതേയുള്ളു.
വഞ്ചിച്ചിട്ടൊന്നുമില്ല സർ ആരെയും
സ്വയമല്ലാതെയൊന്നിനേം.
ഓരോരുത്തരെയായ്
യിങ്ങനെയിങ്ങനെ കുരുക്കി
കൊല്ലുമ്പോൾ
ഹോ എന്തൊന്നില്ലാത്തൊരാത്മനിർവൃതി
.
സർ, സത്യത്തിൽ നമ്മളെന്തിനാ ചിരിക്കുന്നേ
കരയാതിരിക്കാൻ മാത്രമാണോ?
തോറ്റിരിക്കുന്ന കളികളത്രയുംജയിച്ചതാ .
അല്ല നമ്മളെന്തിനാ അലയുന്നത്
ഒരാളിലടങ്ങിയിരിക്കാത്ത
മറ്റാരോ ഉള്ളത് കൊണ്ടല്ലെ?.
ജീവിക്കുകയൊന്നുമല്ല സർ
രസിക്കുകയാ
യെന്തിനെന്നോ?
ചുമ്മാ..
തിരിച്ചറിയുന്നില്ല സാർ ഒന്നിനേം.
ചെകുത്താനും ദൈവവും ഇണചേരുന്ന
ആ മുറി ഇതുവരെ കണ്ടെത്തിയിട്ടില്ല
ഒരിക്കൽ ഞാൻ കുടുക്കിട്ടു പിടിക്കും രണ്ടിനേം
എനിട്ട് നിർദാക്ഷിണ്യം കൊല്ലും.
എന്തിനാ സാർ ഇവറ്റകളൊക്കെ
ഞാൻ മതി
ഞാൻ മാത്രം മതി.
ഇനി ഇറങ്ങിപോകാൻ
ഇരുളൊന്നും ബാക്കിയില്ല
കയറിപറ്റാൻ വെളിച്ചകൂടും.

മുട്ടിനുമുട്ടിനു പകലും രാത്രിയും
തൂക്കിയിട്ട ഈ ഭൂമി പോര

രാത്രി നക്ഷത്രവും പകൽ പറവകളെയും
രാത്രി കൂരിരുട്ടും പകൽ പൊരിവെയിലും
രാത്രി അടക്കിപിടിച്ച തേങ്ങലുകളും
പകൽ തിരക്കിപ്പിടിച്ചോടലുകളും
രാത്രി തൂങ്ങിമരിച്ച പ്രേതങ്ങളും
പകൽ പലിശക്കാരന്റെ ദുർമുഖവും
രാത്രി അപഥ സഞ്ചാരക്കാരന്റെ കൗശലവും
പകൽ സുവിശേഷക്കാരന്റെ നിർമ്മലതയും
തൂക്കിയിട്ട് തൂക്കിയിട്ട് പൊളിഞ്ഞ് പാളീസായ
ഭൂമി... ചത്തൂടെടോ നിനക്ക്

അല്ലെവേണ്ട ഇനി ആകാശത്ത് താമസോക്കാം
അതാവുമ്പോ കരചെന്ന് കടലിലേക്കൊഴുക്കുന്ന
കണ്ണീരും കടൽ തീരത്തെക്കെറിയുന്ന
കാറ്റിൻ തലോടലും കാണണ്ടല്ലൊ

വെറുതെ ഓരോരോ യെടങ്ങേറുകൾ
ഇന്നലെകണ്ടില്ലെ ദൈവം
കടൽത്തീരത്തിരുന്നു അലറിക്കരയുമ്പോൾ
തിരകളെല്ലാം നിശബ്ദമായി
യെന്നിട്ടെന്തെണ്ടായ്
ദൈവത്തിന്റെ കരച്ചിലെല്ലാരും കേട്ടില്ലെ?
നാണങ്കെട്ടില്ലെ?..

ദൈവത്തിനെ തെറിവിളിച്ച
ആ ദുഷ്ടമ്മാരൊക്കെ മുടിഞ്ഞു
പോകത്തെള്ളന്നു സലോമി
കയറിൽ പ്രാണൻ കൊണ്ടെഴുതി

സലോമി.. സലോമി... യീ ഭൂമിവിട്ടാൽ
ഒരു നിലാവു കാണും
അവിടെ പ്രവാചകന്മാരില്ലാത്ത
അവരുടെ മുള്ളുമ്പൊ തെറിക്കുന്ന
വികാരമുള്ള അനുയായികളില്ലാത്ത
മാലാഖമാരും പിശാചുമില്ലാത്ത
എന്തിന്‌ എന്തു കണ്ടാലും
നാണോം മാനോമില്ലാത്ത
ഞാമ്പോലുമില്ലാത്ത
ഒരു നിലാവാവായിരിക്കും.

ജയിച്ചവർക്കുള്ള ലഡ്ഡു
കൊള്ളക്കാരെടുക്കട്ടെ
വെളുത്ത കുപ്പായക്കാർ കൊണ്ടുപോട്ടെ
തോറ്റവർക്കുള്ള കുണുക്കിട്ട്
നമുക്ക് നിരന്തരം മരിച്ചുകൊണ്ട്
ഭക്തന്മാരായിരിക്കാം
യെന്നാലും..
ഈ ഭൂമി വല്ലാതെ
ചോർന്നൊലിക്കുന്നു
ആകാശത്തൊരു കുഴികുഴിച്ചു
കുഴിച്ചു കുഴിച്ചു കുഴിച്ചു
വെറൊരാകാശമായ്

ഭൂമിലൊരു മലയുയർത്തി
ഉയർന്നുയർന്നുയർന്നു
വെറൊരു ഭൂമിയായ്

ഇത്രെക്കെചെയ്തുകഴിഞ്ഞപ്പം
വെറുതെയായെന്നുമനസ്സിലായ്
രണ്ടിനെമെടുത്ത്
രൊറ്റയേറുവെച്ചുകൊടുത്തു

അല്ല പിന്നെ
ഒരു തുമ്പിക്കിരിക്കാൻ
ഇടമില്ലത്താകാശം
ഒരു കടലിനൊഴുകാനാവത്ത
മലചുമക്കുന്ന ഭൂമി

ഇനിയൊരു കാറ്റിനെയുണ്ടാക്കാം
വെളിച്ചത്തിലുമിരു-
ളിലും
ഒരു തുള്ളിപ്രാണവായുവില്ലാത്തത്
ഒറ്റപെട്ടു പോയ രാജ്യത്തിന്റെ
നിഴലിനെപറ്റിയാണ്‌ പറയാനുള്ളത്.

അതിർത്തികൾ അടക്കുകയും തുറക്കുകയും
ചെയ്യുമ്പോഴും നിഴലനങ്ങാതെ 
പിന്നിലിണ്ടായിരുന്നു.

അന്നൊന്നും ആരും കണ്ടില്ല
നോട്ടമിട്ടില്ല പക്ഷെ ഇപ്പോൾ

തരം കിട്ടിയാൽ ആക്രമിക്കപെടുക
എന്ന പേടി അരിച്ചരിച്ചെത്തുന്നു

ഓടിച്ചു പിടിച്ച് മാനഭംഗപെടുത്തുന്നതും
ഇപ്പോരു ഫാഷനാ.

ഏമാനെ ,
ആരാധകരില്ലാത്ത
ഒരു കവിതയാണ്‌ ഞാൻ.

മലകളാവാനും
പുഴയായൊഴുകാനും
അധികമൊച്ചയിട്ട്
അവനവനാവാനും
ഒന്നും അറിയാതെ
ഒരു രാജ്യത്തും
അവകാശമില്ലാത്ത
വെറുമൊരു നിഴൽ
പണ്ടെന്നോ കൊല്ലപ്പെട്ടരാളാണെന്ന്
എന്നെ കണ്ടാൽ പറയില്ലെന്നറിയാം
അത്രയ്ക്ക് ഒളിച്ച് പിടിക്കാനറിയാം

സത്യത്തിൽ മാർക്കിടേണ്ടത് 
മരിച്ചിട്ടില്ലെന്ന അഭിനയത്തിനാണോ
അച്ചടക്കത്തിനാണോ എന്നറിയാതെ 
നിങ്ങൾ കുഴങ്ങിയേക്കും

മരിക്കുക എന്നത് ആർക്കും 
ചെയ്യാവുന്നൊന്നല്ലെ
ആരിലൂടെയും
കടന്നുപോകുന്നൊന്ന്
മരിച്ചിട്ടും ജീവിച്ചിരിക്കുന്നതായ്
അഭിനയിക്കുനതിനെ
മരണം വിറയോടെ മാത്രമെ
നോക്കികണ്ടുള്ളു

അവിടെയാണ്‌ കൂട്ടിത്തുന്നിപിടിപ്പിച്ച
ഞാൻ ശരിക്കും മരിക്കുന്നത്
മരണത്തിന്‌ ജീവിച്ച് മരിക്കുന്നൊരാളെ
കിറു കൃത്യമായ് അഭിനയിക്കുന്നതിന്റെ പേരിൽ
ആരാധിക്കാനെന്തിരിക്കുന്നു?

അപ്പോഴും നിങ്ങളെന്താണെന്നെ
സംശയിക്കാത്തതെന്നോർത്ത്
ചെറുവിറയലോടെ ഞെട്ടിത്തരിക്കാറുണ്ട്

വേദനിക്കാത്തതെന്തെന്നുമ്പറഞ്ഞ് നിങ്ങൾ
നുള്ളി നോക്കാത്തതെന്താന്നാണ്‌ വീണ്ടും വീണ്ടും
സംശയത്തോടെ
സ്വയം നുള്ളിനോക്കുന്നത്

ഇപ്പോഴെനിക്കറിയാം
ആത്മാവിൽ പിച്ചാനും
നുള്ളാനുമൊന്നും നിങ്ങൾക്കറിയില്ല

അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല
മരിച്ചവരെ ആരും കുറ്റം പറഞ്ഞുകൂടല്ലൊ