ഇത്രയാഴത്തിൽ ഒരു വേരും
ജലം തേടിയിറങ്ങിയിട്ടുണ്ടാവില്ല

ഇത്രയുയരത്തിൽ ഒരു കിളിയും
ചില്ല തേടിപറന്നിട്ടുമുണ്ടാവില്ല

ഒരു മഴയും , വെയിലും , മഞ്ഞും
ഇത്ര ഭൂമിയെ പൊതിഞ്ഞു നിന്നിട്ടുണ്ടാവില്ല

ഒരു പൂമ്പൊടിപോലും പൂവിനെ
ഇത്രമേൽ സ്നിഗ്ദമാക്കിയിട്ടുണ്ടാവില്ല

ഒരു പൂക്കാലം പോലും വസന്തത്തെ
ഇത്ര സുഗന്ധപൂരിതമാക്കിയിട്ടുണ്ടാവില്ല

ഒരു കടലും അത്ര വിശാല തീരം കാട്ടി
തിരയെ തൊട്ടുണർത്തിയിട്ടുണ്ടാവില്

ഒരു മലയും മഞ്ഞണിഞ്ഞു വെളുത്ത്
ഇത്ര മുഗ്ദമായ് തപസ്സു ചെയ്തിട്ടുണ്ടാവില്ല

അതുകൊണ്ടല്ലയോ ജീവിതമേ
മരണവുമായ് തൊട്ട് ഇരുളും വെളിച്ചവും
പ്രണയത്തിലെന്ന പോലെ
എന്നെ നിന്നക്കുള്ളിൽ
വിത്തായ് പാകിയിരിക്കുന്നത്

ബ്രിങ്ങസ്യാ



ഇന്നലെ ഞാനൊരു കടലു മറിച്ചു വിറ്റു
പ്രതീക്ഷച്ചത്ര ലാഭോന്നുല്ലായിരുന്നു
വെറുതെകിടന്നു തിരയടിച്ചു പൊടിപിടിച്ചു
സ്ഥലം ഇടങ്ങേറാക്കെണ്ടന്നു കരുതി.

വാങ്ങിയാൾ ശ്രദ്ധിച്ചില്ലെങ്കിലും ചില
ഗുട്ടൻസൊക്കെ പറയാതിരിക്കാൻ വയ്യ
പണ്ടായാകശംവിറ്റപ്പോ പറ്റിച്ചമാതിരി
എപ്പോഴും ചോന്നിരുക്കും മേഘോക്കെ ഫ്രീയാ
മഴേന്റെ കൂടെ ഇടിമിന്നലിന്റെ ബാഗേണ്ട്
എന്നൊന്നും പറഞ്ഞില്ലെങ്കിലും
പരപ്പിനൊത്ത ആഴോണ്ടെന്ന് പറഞ്ഞിരുന്നു.

പാട്ടപെറുക്കാംവന്നവെന്നെന്തിനാ ആഴം
ഒടിച്ചുമടക്കി റിക്ഷാന്റെ പിന്നിലേക്കിട്ടു
ഇതേവിടെന്നു കിട്ടിയേന്റെ ചേട്ടായീപന്ന കടൽ
അത്ര വെലേന്നൂല്ലെട്ട പിന്നെ കാലത്തെ
കിട്ടിയതേല്ലെ കിടക്കട്ടെന്നു കരുതി
കപ്പലോക്കെ പൊങ്ങിക്കിടക്കുന്നുണ്ടെട്ട
എന്നതും അവൻ മൈൻഡ് ചെയ്തില്ല
ഹൊ തുരുമ്പ് തട്ടിക്കളയണമാതിരി
അതെക്കെയവൻ കാണേലേക്കിട്ടു

കണ്ണു നട്ടു കരളു തൊട്ടു എനിക്ക് നീ
തന്ന ആകാശം പോലെ,
ആ കടലിങ്ങനെ ബ്രിങ്ങസ്യാന്നു കെടക്കായിരുന്നു
ഓ ആ സ്ഥലോന്നു വെടിപ്പായികിട്ടി

പ്രസന്റ് ടെൻസ് ഓഫ് പാസ്റ്റ് ടെൻസ്



പഴയതാണെന്നൊന്നും പറയാമ്പറ്റില്ല
എന്താ അത്ര പഴയതായിട്ടുള്ളത്
ഭൂമി പഴയതാണോ?, ശ്വാസം പഴയതാണോ
എന്തിനു മരണത്തിനുപോലും 
അത്ര പഴക്കമൊന്നുമില്ല


പുതിയതാണെന്നതു പഴമയാണ്‌
എന്തിനാ പുതുമ,
പുല്കൊടിക്കോ, പുതുമഴയോ?
എല്ലാം പഴയതന്നേല്ലിഷ്ടാ?

പിന്നെ ശൂന്യത്തിൽ നിന്നും ചൂടും
ബ്രഹ്മാണ്ഡത്തിൽ നിന്ന് പച്ചക്കറിയും 
ഉണ്ടായ ശേഷം ചില മാറ്റങ്ങളൊക്കെയുണ്ട്
ഉദാഹരണത്തിന്‌
ആ കുട്ടിയുടെ കരച്ചിൽ കേട്ടോ?
ആദ്യ കരച്ചിൽ തൊട്ട് ഇന്നേ വരെ ജനിച്ച് വീണ
എല്ലാ കുട്ടികൾക്കും
കരച്ചിലിൽ മാത്രം
ഒരേതാളമാ

പക്ഷേ ഞങ്ങളുടെ കൈയ്യിൽ 
ചാകതെ കിട്ടിയാൽ
ചില മതവും മാനവും വരും വരുത്തും 
വരണമല്ലൊ അല്ലെ?
അപ്പോ അതൊരു പുതുമയാണെന്ന് പറയാം

കളിമടുത്ത് നെഞ്ചുങ്കൂടും തകർത്ത്
ധനഞ്ജയൻ പുറത്ത് പോയാൽ
കഴിഞ്ഞു

പണ്ടാറടങ്ങാൻ
ഒരേ അളവാ
അതിപ്പോ 
ഞങ്ങളെങ്ങനെ കൂട്ടിയാലും
ആറടിയെ വരു.
ചിതയ്ക്കായാലും കുഴിക്കായലും...