കലാകാരൻ

പറഞ്ഞു പിടിച്ചുവരുമ്പോൾ
ജീവിതത്തിലാകെയുള്ളൊരു
പ്രതീക്ഷ ഇനിയും കടന്നുവന്നിട്ടില്ല
എങ്കിലും…
ഇന്നേവരെ ആരെയും ചതിച്ചിട്ടില്ല.

പൂമുഖപടിയിൽ തന്നെ
നല്ലമകനെന്ന അച്ഛന്റെയും അമ്മയുടെയും
മനോഹര സ്വപ്നം ചില്ലിട്ടുവെച്ചിട്ടുണ്ടാവും.
മരണത്തിന്റെതെന്നു തോന്നിക്കാത്ത മണം
മുറികളിലെ
പുസ്തകങ്ങളിലും, ഇടനാഴിയിലും,
ക്ലബ്ബിന്റെ കാരംസ് ബോർഡിലും,
പൊടിജാനുവിന്റെ രാത്രിയറയിലേക്കുള്ള
ഊടുവഴിയിലും
അങ്ങിങ്ങായ് ചിതറി നിൽ‌പ്പുണ്ടാവും,
തിരിച്ചറിയണം,
ചതിക്കില്ല എന്നതിന്റെ വേരു
പച്ചപിടിക്കുന്നത്.

ഒറ്റികൊടുക്കില്ല എന്ന കൂട്ടുകാരുടെ
സ്വപ്നത്തിന്റെ ശവം
ഇരുമ്പഴികൾക്ക് പിന്നിൽ
പഠനത്തിനുള്ള അസ്ഥിയായ്
തൂക്കിയിട്ടിട്ടുണ്ടാവണം.
ഞരമ്പുകളെയൊന്നും കണ്ടില്ലെങ്കിലും
ഓർമ്മഞരമ്പുകളപ്പാടെ വേദനിച്ചുകൊണ്ട്
വെളുവെളാന്നങ്ങനെ തെളിഞ്ഞുനിൽക്കും

ഏഴുതിരിയിട്ടനിലവിളക്ക്
കൊളുത്തിയ അഞ്ജനമിഴിയിലെ
ഓരോ തിരിയും ക്രമം വെച്ച് അണയുമ്പോ,
‘ളതു‘ കണ്ടു വിയർത്തിട്ടെന്നു
നാട്ടാർ അടക്കം പറയും.

കൂറ്റാകൂറ്റിരുട്ടിന്റെ വെളിച്ചത്തിൽ
അമർത്തിപിടിച്ച ചില വേദനകൾ
സഞ്ചരിക്കാനിറങ്ങും
പ്രേതമെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

ചെയ്യുന്നതൊന്നും ശരിയല്ലാതെ വരുന്നു
എന്നതിൽ തന്നെ
‘ജയിച്ചില്ലെ ഞാൻ‘
എന്ന പോർവിളി ആരും
ശ്രദ്ധിക്കില്ലെന്നവയ്കറിയാം.

ഒടുവിൽ കരച്ചിലുകളെല്ലാം പൊത്തിപ്പിടിച്ച്
ഇടവഴി നിൽക്കുമ്പോൾ
മുന്നൊരുക്കങ്ങളില്ലാതെ പ്രതീക്ഷയെ
പൂർത്തിയാക്കുന്നതിലെ വരകൾക്കെല്ലാം
മുടിഞ്ഞ ഭംഗിയാണപ്പ.

നടി

അഭിനയിക്കുമെന്ന്
സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല

ജീവിക്കണമെന്നു മാത്രം സ്വപ്നം കണ്ടു

മൊട്ടുകമ്മലുമാറ്റാനും മൂക്കിത്തിപുതുക്കാനും
ഒരുജോലിയെന്നേ കരുതിയുള്ളു
തുണിക്കടയിൽ പുതുമണങ്ങളിൽ
തന്നെ പ്രതിഷ്ഠിച്ചു.

ഇടയിലെപ്പൊഴൊ ഒരു മണം
അവളെ പിന്തുടർന്നു
പുതുപ്പണത്തിന്റെ കൊഴുപ്പ്
പിടിച്ചടക്കാനുള്ള കുതിപ്പ്
കിന്നാരം,പൊന്നാരംപറഞ്ഞവൻ
നെഞ്ഞിൽ കയറി
ഓർമ്മയ്ക്കെന്നു പറഞ്ഞു അപ്പാടെ പകർത്തി
മുഖത്ത് ഛായം തേച്ചിട്ടില്ല
ഒരു സീനിലും അഭിനയിച്ചിട്ടില്ല
ഗ്ലിസറിൻ എന്നു കേട്ടിട്ടുപോലുമില്ല
കമ്പ്യൂട്ടർ ഉപയോഗിക്കാറുമില്ല.
അവനായ്
ഒരിക്കൽമാത്രം
തൊടുമ്പോഴൊക്കെ ഇക്കിളി-
കൊണ്ടെതിർത്ത
‘ഗ്രാമീണപെൺകൊടി‘
നെറ്റിലെ
ഏറ്റവും വലിയ നടിയാണ്

തകർത്തഭിനയിച്ചത്
അവസാനരംഗത്തിലാണ്
കാഞ്ഞിരമ്പാറയിൽ നിന്നും
താഴെക്കൊരു ചാട്ടം
മരങ്ങളൊക്കെ
അരുതുമോളെ എന്നുപറഞ്ഞ്
കൈകളുയർത്തിതടഞ്ഞു
വസ്ത്രങ്ങളൊക്കെ മരച്ചില്ലകൾക്കേകി
പിറന്നപടി താഴെ നുറുങ്ങികിടന്നു
സീൻ മഹസ്സറെഴുതുന്നതിനിടയിൽ
ആരോ പറഞ്ഞു
‘ഉപയോഗിച്ചുടഞ്ഞുപോയ്‘