കലാകാരൻ

പറഞ്ഞു പിടിച്ചുവരുമ്പോൾ
ജീവിതത്തിലാകെയുള്ളൊരു
പ്രതീക്ഷ ഇനിയും കടന്നുവന്നിട്ടില്ല
എങ്കിലും…
ഇന്നേവരെ ആരെയും ചതിച്ചിട്ടില്ല.

പൂമുഖപടിയിൽ തന്നെ
നല്ലമകനെന്ന അച്ഛന്റെയും അമ്മയുടെയും
മനോഹര സ്വപ്നം ചില്ലിട്ടുവെച്ചിട്ടുണ്ടാവും.
മരണത്തിന്റെതെന്നു തോന്നിക്കാത്ത മണം
മുറികളിലെ
പുസ്തകങ്ങളിലും, ഇടനാഴിയിലും,
ക്ലബ്ബിന്റെ കാരംസ് ബോർഡിലും,
പൊടിജാനുവിന്റെ രാത്രിയറയിലേക്കുള്ള
ഊടുവഴിയിലും
അങ്ങിങ്ങായ് ചിതറി നിൽ‌പ്പുണ്ടാവും,
തിരിച്ചറിയണം,
ചതിക്കില്ല എന്നതിന്റെ വേരു
പച്ചപിടിക്കുന്നത്.

ഒറ്റികൊടുക്കില്ല എന്ന കൂട്ടുകാരുടെ
സ്വപ്നത്തിന്റെ ശവം
ഇരുമ്പഴികൾക്ക് പിന്നിൽ
പഠനത്തിനുള്ള അസ്ഥിയായ്
തൂക്കിയിട്ടിട്ടുണ്ടാവണം.
ഞരമ്പുകളെയൊന്നും കണ്ടില്ലെങ്കിലും
ഓർമ്മഞരമ്പുകളപ്പാടെ വേദനിച്ചുകൊണ്ട്
വെളുവെളാന്നങ്ങനെ തെളിഞ്ഞുനിൽക്കും

ഏഴുതിരിയിട്ടനിലവിളക്ക്
കൊളുത്തിയ അഞ്ജനമിഴിയിലെ
ഓരോ തിരിയും ക്രമം വെച്ച് അണയുമ്പോ,
‘ളതു‘ കണ്ടു വിയർത്തിട്ടെന്നു
നാട്ടാർ അടക്കം പറയും.

കൂറ്റാകൂറ്റിരുട്ടിന്റെ വെളിച്ചത്തിൽ
അമർത്തിപിടിച്ച ചില വേദനകൾ
സഞ്ചരിക്കാനിറങ്ങും
പ്രേതമെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

ചെയ്യുന്നതൊന്നും ശരിയല്ലാതെ വരുന്നു
എന്നതിൽ തന്നെ
‘ജയിച്ചില്ലെ ഞാൻ‘
എന്ന പോർവിളി ആരും
ശ്രദ്ധിക്കില്ലെന്നവയ്കറിയാം.

ഒടുവിൽ കരച്ചിലുകളെല്ലാം പൊത്തിപ്പിടിച്ച്
ഇടവഴി നിൽക്കുമ്പോൾ
മുന്നൊരുക്കങ്ങളില്ലാതെ പ്രതീക്ഷയെ
പൂർത്തിയാക്കുന്നതിലെ വരകൾക്കെല്ലാം
മുടിഞ്ഞ ഭംഗിയാണപ്പ.