ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷനെപ്പോലെയല്ല
ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ
ആരും വിലക്കാനില്ലെങ്കിലും
സ്വയം വിലക്കും
അടക്കിവെയ്ക്കാനൊത്തിരിയുണ്ടാവും
അടച്ചുവെയ്ക്കനും അടക്കി നിർത്താനും
സമയത്തും അസമയത്തും അപരിചിതരെ
വീട്ടിനുള്ളിൽ കയറ്റാറില്ല
വൈകിയെത്തുന്ന ഗ്യാസുകാരനും,
ഇലക്ട്രീഷ്യനും തെങ്ങുകയറ്റക്കാരനും
അധികമായ് പത്ത് കണ്ണുണ്ടോ
എന്നവൾ വെറുതെ സംശയിച്ചുകളയും
ഒരക്കം തെറ്റിവന്നമിസ്കോളിൽ
ഒരു രാത്രി ഉരുകി തീർക്കും
ആരോ വാതിലിൽ മുട്ടിയെന്ന പേടിയിൽ
പുലരുവോളം ഇരുട്ടിനുകൂട്ടിരിക്കും
പലിശക്കാരും പറ്റുകാരുമില്ലയില്ല
അടിപ്പാവടക്കെട്ടിൻ മുറുക്കത്തിൽ
വിശപ്പും കരച്ചിലും കുഴിഞ്ഞു നില്ക്കും
ഒട്ടുമിക്ക നിരാശകളെയും സാരിത്തലപ്പിൽ
വെയിൽ തടയാനെന്ന നാട്യത്തിൽ മറച്ചുപിടിയ്ക്കും
ഒറ്റയ്ക്കു സഞ്ചരിക്കുന്ന പുരുഷനെപ്പോലെയല്ല
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ
നീറി വലയുന്ന ഒരുവനു നേർക്കു പോലും
സഹതാപകണ്ണുനീളില്ല
ഒഴിഞ്ഞ സീറ്റിന്റെ അരികിലേക്കായ്
കാല്കുഴഞ്ഞൊരാളെ
‘ഇരുന്നോന്നു’ പറയില്ല.

കാലിലെ ചെരുപ്പ് പോലെ
പേടിയിൽ ചവിട്ടിയാണ്‌ നടപ്പ്

തനിച്ചെല്ലായിടവും ചുറ്റിവരണമെന്ന്
എന്നും സ്വപ്നം കാണും
മഞ്ഞുമലകളിലും കടൽത്തീരത്തും
അലസമായി കിടക്കണമെന്നും
തെരുവിന്റെ വിജനതയിൽ ഒറ്റയ്ക്കിരിയ്ക്കണമെന്നും
അവസാനിക്കാത്ത നിയോൺ വെളിച്ചങ്ങളെ തൊട്ടു
രാത്രിമഴയിൽ നനയണമെന്നുമൊക്കെ
ഏതുവഴിയിലും പ്രത്യക്ഷമാവുന്ന കാണാപിശാചുക്കളിൽ ,
പിൻ ഭാഗത്ത് അറപ്പ് പുളയ്ക്കുന്ന തോണ്ടലിൽ,
അറിയാത്തമട്ടിലെ ആണനക്കങ്ങളിൽ
തട്ടി തടഞ്ഞ് ഓരോ യാത്രയും
തുടക്കമിട്ട സ്വപ്നത്തിൽ തന്നെ ഒടുക്കമിടും

എന്നിട്ടുമെന്നിട്ടും തനിച്ചവൾ തന്നോട് തന്നെ
കഥപറഞ്ഞും പിറുപിറുത്തും
സദാ മന്ദസ്മിതം പൂകിയും
തനിക്കുള്ളിൽ തന്നെ നിരന്തരം
സഞ്ചരിച്ചുകൊണ്ടിരിക്കും.
ഒറ്റയ്ക്ക് മരിക്കുന്ന പുരുഷനെ പോലെയല്ല
ഒറ്റയ്ക്ക് മരിക്കുന്ന സ്ത്രീ
മരിച്ചശേഷം വിശുദ്ധമായൊരു വെളിച്ചം
അവൾ മുഖത്ത് തൂക്കിയിട്ടിട്ടുണ്ടാവും
അടഞ്ഞ ശേഷവും ചുറ്റിക്കാണുവാൻ
കാണാക്കണ്ണുകൾ
മുഖത്തൊളിപ്പിച്ച് വെച്ചിട്ടുണ്ടാവും.