അങ്ങനെയിരിക്കുമ്പോ
ഒളിച്ചോടിപ്പോകാൻ മുട്ടും
അല്ലെതന്നെ
ആരും കാണാത്തിടത്താണിരുപ്പ്
ഒളിച്ചിരിക്കാൻ ഒരാളുടെ ഉള്ളിന്റത്ര
വിശാലമായ ഒളിയിടം കിട്ടില്ല.
സ്വന്തം ഉള്ളിലോട്ട്
ആരും നോക്കത്തില്ലാത്തകൊണ്ട്
സ്വസ്ഥമായിരിക്കാം.
എന്നാലും ചിലപ്പോൾ
ആരും അന്വോഷിക്കാതിരിക്കുന്നതിന്റെ
വെറുപ്പിൽ
മറ്റുള്ളവരെയൊക്കെ
നിരന്തരം അന്വോഷിക്കുന്നെന്നും
നമ്മളെമാത്രം ആരും
തിരയാറും കണ്ടെത്താറുമില്ലെന്ന
കണ്ടെത്തലിൽ
ഒളിച്ചിടത്തുനിന്ന്
ഒളിച്ചോടിപ്പോകാൻ തോന്നും
ഇനിയെങ്ങോട്ടാപോകേണ്ടതെന്ന്
സ്വയം ചോദിക്കും.
അങ്ങനെ പോയിപ്പോയ്
എങ്ങാണ്ടക്കെയായിപ്പോയരൊളാണെന്ന്
തോന്നത്തെയില്ല.
നിറയെ ആൾക്കാർക്ക് നടുവിൽ
തനിച്ചിരിക്കുന്നതാണോ
തനിച്ചിരിക്കുന്നവർക്കിടയിൽ
നിറയെ ആൾക്കാർ വന്നതാണോ
എന്നു നോക്കാൻ ശ്രമിക്കും
എന്നിട്ട് അടങ്ങിയൊതിങ്ങി
ഒളിച്ചോടിപ്പോകും.
പോയ് കഴിയുമ്പോഴും
നമ്മൾ പോയവിവരം അവരറിയാത്തപ്പോ
സങ്കടം വന്നു തിക്കിമുട്ടും
എങ്ങോട്ടെങ്കിലും
ഒളിച്ചോടിപ്പോകാൻ തോന്നും
അങ്ങനെപോയിപ്പോയി
ഇപ്പോൾ
ഒരു പുതിയ ഗ്രഹം
കണ്ടുപിടിച്ച സംതൃപ്തിയിലാണ്‌
പകലിൽ നിന്ന് രാത്രിയിലേക്കും
രാത്രിയിൽ നിന്ന് കരച്ചിലിലേക്കും
കരച്ചിലിൽ നിന്ന്
ഒളിച്ചോടലിലേക്കും മാത്രം
വാതിലുകളുള്ള
ഒരു ഗ്രഹം.
പ്ളൂട്ടോയെന്നൊ യൂറാനെസ്സെന്നോ
ഒക്കെപ്പോലെ
തീരെ കൊള്ളില്ലാത്ത പേരൊന്നുമിട്ട്
നാറ്റിക്കരുതെന്ന അഭ്യർത്ഥനയോടെ
ഞാൻഗ്രഹം എന്ന
നിരന്തരം ഒളിച്ചോടിപ്പോകുന്ന
ഒന്നിനെ എനിക്കുള്ളിൽ...

കണ്ടോ കണ്ടോ
അത്രേം പറഞ്ഞപ്പോൾ തന്നെ
അത് ഒളിച്ചോടിപ്പോയ്.

No comments: