ഇത്രയാഴത്തിൽ ഒരു വേരും
ജലം തേടിയിറങ്ങിയിട്ടുണ്ടാവില്ല

ഇത്രയുയരത്തിൽ ഒരു കിളിയും
ചില്ല തേടിപറന്നിട്ടുമുണ്ടാവില്ല

ഒരു മഴയും , വെയിലും , മഞ്ഞും
ഇത്ര ഭൂമിയെ പൊതിഞ്ഞു നിന്നിട്ടുണ്ടാവില്ല

ഒരു പൂമ്പൊടിപോലും പൂവിനെ
ഇത്രമേൽ സ്നിഗ്ദമാക്കിയിട്ടുണ്ടാവില്ല

ഒരു പൂക്കാലം പോലും വസന്തത്തെ
ഇത്ര സുഗന്ധപൂരിതമാക്കിയിട്ടുണ്ടാവില്ല

ഒരു കടലും അത്ര വിശാല തീരം കാട്ടി
കരയെ തൊട്ടുണർത്തിയിട്ടുണ്ടാവില്ല

ഒരു മലയും മഞ്ഞണിഞ്ഞു വെളുത്ത്
ഇത്ര മുഗ്ദമായ് തപസ്സു ചെയ്തിട്ടുണ്ടാവില്ല

അതുകൊണ്ടല്ലയോ ജീവിതമേ
മരണവുമായ് തൊട്ട് ഇരുളും വെളിച്ചവും
പ്രണയത്തിലെന്ന പോലെ
എന്നെ നിന്നക്കുള്ളിൽ
വിത്തായ് പാകിയിരിക്കുന്നത്
 

ഇവിടെയാണെന്റെ താമസം കവിതയാണെന്റെ മേൽ വിലാസം ചിരികൊണ്ട് മതിൽ പൊളിച്ചു . വെളിയിലുള്ള ലോകത്തെ പുറത്താക്കി അകത്തായ നമ്മളെന്നോ പുറത്തായ നമ്മളെന്നോ പേടിച്ചിരുന്ന നിങ്ങളെ ഹൃദയത്തിന്റെ അറ്റമില്ലാത്ത മുറികളിൽ എന്റെ പ്രണയം ഉറങ്ങാൻ വിളിക്കുന്നു മരണത്തിലേക്കുണരുന്ന പ്രണയത്തിനെ ‘ഉണരരുതിന്നിയുറങ്ങിടേണ’ മെന്നൊരു കവിവാക്കി ലലിഞ്ഞു പോവാൻ

ഇരുട്ടമുട്ട്

അതിവേഗട്രാക്കിലേക്ക് പിടിവിട്ടു
പോയൊരു നിലവിളി,
രക്തം ഊറി കട്ടിയായ്
വെള്ളപുതച്ച്
സ്റ്റേഷൻ വരാന്തയിലെ
ഗോവണിക്കടിയിലുണ്ട്.
ആകാശത്തിന്റെ ഇരുളിലെവിടെയൊ
പൊട്ടിത്തെറിക്കുന്ന
കൂട്ട നിലവിളിക്കായ്
ഒരു വീടുറങ്ങാതെ കാത്തിരുപ്പുണ്ട്.


കയത്തിനാഴത്തിലേക്ക്
പുതഞ്ഞു പോയൊരു
കൈയെത്തിപിടിക്കാൻ
പിന്നാലേ ചാടിയ
എട്ടുകൈകളുടെയും പ്രാണൻ
നീർകുമിളകളായ്
കെട്ടുപിണഞ്ഞുയർന്നു കഴിഞ്ഞു.
കറുത്ത ബാഡ്ജിന്റെ
സ്കൂൾ വരി റെഡിയാക്കാൻ
നിലവിളികൾ ഡിവിഷനുകൾ
മാറി മാറി നിൽപ്പുണ്ട്.

തൊഴിലിടങ്ങളിൽ
രക്ഷകർത്താക്കളെ നടുക്കി,
അമ്മമാരുടെ അലമുറയുണർത്തി,
പതർച്ച മാറാത്ത
ക്കൂട്ടുകാരെ തനിച്ചാക്കി,
കുഴഞ്ഞകാലുകൾക്ക്
വഴിപിഴച്ചൊരു നിമിഷം,
മയക്കത്തിൽ പെട്ട കൂട്ടനിലവിളി
പച്ച പുതച്ച അഗാധതയിലേക്ക്
കൂപ്പുകുത്തിയിട്ടുണ്ട്.
കൂട്ടക്കരച്ചിലിന്റെ പെരുമ്പറപുതക്കാൻ
ഒരു നാട് മയങ്ങിക്കിടപ്പുണ്ട്.

പ്രണയപാശത്തിന്റെ
സീൽക്കാരങ്ങളപ്പടി
എം എം എസ് കുളിരാകെ
കയർമുറുക്കത്തിലേക്ക് അച്ഛനുമമ്മയും
ഐസ്ക്രീം കൈയ്പിലേക്കു മക്കളും
പടിയിറങ്ങിക്കഴിഞ്ഞു.
വിതുമ്പലുകളുടെ അണമുറിയാതെ,
പകച്ച്, നിലവിളി
നെഞ്ചുംനുറുക്കി
തൊണ്ടയിൽ കുരുങ്ങി നില്പാണ്.


നിനച്ചിരിക്കാതെ
നിലവിളികളങ്ങനെ
പെയ്തിറങ്ങും.


.

കലാകാരൻ

പറഞ്ഞു പിടിച്ചുവരുമ്പോൾ
ജീവിതത്തിലാകെയുള്ളൊരു
പ്രതീക്ഷ ഇനിയും കടന്നുവന്നിട്ടില്ല
എങ്കിലും…
ഇന്നേവരെ ആരെയും ചതിച്ചിട്ടില്ല.

പൂമുഖപടിയിൽ തന്നെ
നല്ലമകനെന്ന അച്ഛന്റെയും അമ്മയുടെയും
മനോഹര സ്വപ്നം ചില്ലിട്ടുവെച്ചിട്ടുണ്ടാവും.
മരണത്തിന്റെതെന്നു തോന്നിക്കാത്ത മണം
മുറികളിലെ
പുസ്തകങ്ങളിലും, ഇടനാഴിയിലും,
ക്ലബ്ബിന്റെ കാരംസ് ബോർഡിലും,
പൊടിജാനുവിന്റെ രാത്രിയറയിലേക്കുള്ള
ഊടുവഴിയിലും
അങ്ങിങ്ങായ് ചിതറി നിൽ‌പ്പുണ്ടാവും,
തിരിച്ചറിയണം,
ചതിക്കില്ല എന്നതിന്റെ വേരു
പച്ചപിടിക്കുന്നത്.

ഒറ്റികൊടുക്കില്ല എന്ന കൂട്ടുകാരുടെ
സ്വപ്നത്തിന്റെ ശവം
ഇരുമ്പഴികൾക്ക് പിന്നിൽ
പഠനത്തിനുള്ള അസ്ഥിയായ്
തൂക്കിയിട്ടിട്ടുണ്ടാവണം.
ഞരമ്പുകളെയൊന്നും കണ്ടില്ലെങ്കിലും
ഓർമ്മഞരമ്പുകളപ്പാടെ വേദനിച്ചുകൊണ്ട്
വെളുവെളാന്നങ്ങനെ തെളിഞ്ഞുനിൽക്കും

ഏഴുതിരിയിട്ടനിലവിളക്ക്
കൊളുത്തിയ അഞ്ജനമിഴിയിലെ
ഓരോ തിരിയും ക്രമം വെച്ച് അണയുമ്പോ,
‘ളതു‘ കണ്ടു വിയർത്തിട്ടെന്നു
നാട്ടാർ അടക്കം പറയും.

കൂറ്റാകൂറ്റിരുട്ടിന്റെ വെളിച്ചത്തിൽ
അമർത്തിപിടിച്ച ചില വേദനകൾ
സഞ്ചരിക്കാനിറങ്ങും
പ്രേതമെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

ചെയ്യുന്നതൊന്നും ശരിയല്ലാതെ വരുന്നു
എന്നതിൽ തന്നെ
‘ജയിച്ചില്ലെ ഞാൻ‘
എന്ന പോർവിളി ആരും
ശ്രദ്ധിക്കില്ലെന്നവയ്കറിയാം.

ഒടുവിൽ കരച്ചിലുകളെല്ലാം പൊത്തിപ്പിടിച്ച്
ഇടവഴി നിൽക്കുമ്പോൾ
മുന്നൊരുക്കങ്ങളില്ലാതെ പ്രതീക്ഷയെ
പൂർത്തിയാക്കുന്നതിലെ വരകൾക്കെല്ലാം
മുടിഞ്ഞ ഭംഗിയാണപ്പ.

നടി

അഭിനയിക്കുമെന്ന്
സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല

ജീവിക്കണമെന്നു മാത്രം സ്വപ്നം കണ്ടു

മൊട്ടുകമ്മലുമാറ്റാനും മൂക്കിത്തിപുതുക്കാനും
ഒരുജോലിയെന്നേ കരുതിയുള്ളു
തുണിക്കടയിൽ പുതുമണങ്ങളിൽ
തന്നെ പ്രതിഷ്ഠിച്ചു.

ഇടയിലെപ്പൊഴൊ ഒരു മണം
അവളെ പിന്തുടർന്നു
പുതുപ്പണത്തിന്റെ കൊഴുപ്പ്
പിടിച്ചടക്കാനുള്ള കുതിപ്പ്
കിന്നാരം,പൊന്നാരംപറഞ്ഞവൻ
നെഞ്ഞിൽ കയറി
ഓർമ്മയ്ക്കെന്നു പറഞ്ഞു അപ്പാടെ പകർത്തി
മുഖത്ത് ഛായം തേച്ചിട്ടില്ല
ഒരു സീനിലും അഭിനയിച്ചിട്ടില്ല
ഗ്ലിസറിൻ എന്നു കേട്ടിട്ടുപോലുമില്ല
കമ്പ്യൂട്ടർ ഉപയോഗിക്കാറുമില്ല.
അവനായ്
ഒരിക്കൽമാത്രം
തൊടുമ്പോഴൊക്കെ ഇക്കിളി-
കൊണ്ടെതിർത്ത
‘ഗ്രാമീണപെൺകൊടി‘
നെറ്റിലെ
ഏറ്റവും വലിയ നടിയാണ്

തകർത്തഭിനയിച്ചത്
അവസാനരംഗത്തിലാണ്
കാഞ്ഞിരമ്പാറയിൽ നിന്നും
താഴെക്കൊരു ചാട്ടം
മരങ്ങളൊക്കെ
അരുതുമോളെ എന്നുപറഞ്ഞ്
കൈകളുയർത്തിതടഞ്ഞു
വസ്ത്രങ്ങളൊക്കെ മരച്ചില്ലകൾക്കേകി
പിറന്നപടി താഴെ നുറുങ്ങികിടന്നു
സീൻ മഹസ്സറെഴുതുന്നതിനിടയിൽ
ആരോ പറഞ്ഞു
‘ഉപയോഗിച്ചുടഞ്ഞുപോയ്‘

അഭയാര്‍ത്ഥിപൂക്കള്‍

.



ഞങ്ങളഭയാര്‍ത്ഥികള്‍ വഴി തന്നെ വീടും
വിശപ്പന്നമാക്കി കുഴഞ്ഞോര്‍
ഭുവി നീളെ ഗോത്രമായ് നേത്രത്തിലാധിതന്‍
തിരികെടാതേറ്റി തളര്‍ന്നോര്‍
‍ഞങ്ങളഭയാര്‍ത്ഥികള്‍ പാതവക്കില്‍
ഗ്രാമ-ഭൂതകാലം ഓര്‍ത്തു കണ്‍ നിറയോര്‍
‍മുന്നിലെ കാഴ്ചകള്‍, പിന്നിലെയോര്‍മ്മകള്‍
ചിന്നിയ ചിരിയാല്‍ വെറുപ്പോര്‍

ഒരു മാത്ര പരമാണു വിണ്ടഗ്നിനാളമായ്
എരിയുന്നു നിര്‍ഭാഗ്യ ജനശാലകള്‍
കരിയുന്നു മാനവര്‍പച്ചയായ്
വാര്‍‍ത്തകള്‍ പൊരിയുന്നു,അറിയാതൊടുങ്ങുമൊക്കെ

ചിന്നിത്തെറിച്ചതാം ദേഹമേറെ,ക്കുറ്റ-
മൊന്നുമെഴാ പിഞ്ചു നേത്രം
പൊട്ടിത്തെറിച്ചതാം ശകടാന്തരെ
പൊട്ടാതെ നീലിച്ച പാദമൊന്ന്
ഇറുകെപ്പിടിച്ചാകരത്തിലായ് പാഴന്ന-
മെപ്പൊഴോ പ്രാണന്‍ വെടിഞ്ഞ മാറില്‍-
തേങ്ങുന്നൊരീറക്കുഴല്‍,പൈതലാണു-
തന്നമിഞ്ഞയെങ്ങെന്നു തേടിടുന്നു

അഭയാര്‍ത്ഥികള്‍ ഞങ്ങളലയുന്നതാരുമി
ന്നറിയാതെ ദു:ഖങ്ങള്‍ പേറിടുന്നോര്‍
കരയുന്നു, സ്വപ്നവുമുപേക്ഷിച്ചു
ജീവിതംപറവിതെങ്ങറിയാത്ത തെരുവിരുളിലായ്.

ഞങ്ങളഭയാര്‍ത്ഥികള്‍ ദൈന്യം പെരുമ്പോഴും
സ്വപ്‌നം നിറച്ചുണ്ടുറങ്ങിടുന്നോര്‍
‍ശിഥിലമാം വീഥികള്‍ ചിത തീര്‍ത്ത
പുകയേറ്റ്സൂര്യന്‍ കരിഞ്ഞു പോയ്, ദൈവങ്ങളും
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍......

ആകാശമെങ്ങുമിരമ്പി വിമാനങ്ങ‍ളെറിയുന്നു

മരണപ്പടക്കങ്ങള്‍ ചുറ്റിലുംഅതിലൊന്ന്
വീണൊരാപാഠശാലയ്ക്കകംപനിനീര്‍
മുഖങ്ങള്‍ കെടുന്നു ക്ഷണത്തിലായ്കാ
ണാതെ പായുന്നു കാറ്റുപോലും
ജഡംകാണെ മുഖം ചോന്നു പകലോന്മറകായ്.

ഞങ്ങളഭയാര്‍ത്ഥികള്‍ മൃത്യുവിന്‍ ദ്വീപിലെ
ശില്‍പ്പ ഭംഗം വന്ന പാഴ്‌ശിലകള്‍
‍കൈവിട്ടു പോയവതേടിയല്ലീ-
കൈകളുയരുന്നതൊരു വറ്റ് ഭിക്ഷ തേടി

ഞങ്ങളന്നാര്‍ത്ഥികള്‍ ദുരമൂത്തനായകര്‍
‍ചെയ്‌വതിന്‍ ശിക്ഷ കൈയ്യേറ്റിടുന്നോര്‍
അഭയാര്‍ത്ഥീകള്‍ ഞങ്ങളറിയാത്തകുറ്റ
ത്തിനിരയായ പ്രാവിന്‍റെ സങ്കടം‌പോല്‍
രക്ഷിപ്പതാരെന്നറിയാത്ത പായവര്‍
തക്ഷകഗേഹങ്ങളാണളാണങ്ങു ചുറ്റിലും
ഭക്ഷണമെന്നു നിനച്ച് പരുന്തു, മേലീ
ക്ഷിപ്പ,തഭയ മെ,ങ്ങന്‍ പെന്നു കേഴവര്‍

‍നൂറു നൂറ്റാണ്ടിന്‍റെ നിശ്വാസഗന്ധവും
ആയിരത്താണ്ടിന്‍റെ യാത്മവിശ്വാസവും
ഒറ്റയടിക്കങ്ങു കെട്ടു പോയ്,ദുഷ്‌ടത
കല്ലുംവെറുത്തുപോം കഠിനഹൃദയപ്പക.

ഇല്ലാത്തൊരുണുവായുധത്തിന്‍റെ മുന
കണ്ട്കൊല്ലുന്നു, മണലൊത്തുചിതറുന്നു മാലാഖ
എണ്ണുന്നിരുപുറവുമൊപ്പമായ് സംഖ്യകള്‍
നിന്നവര്‍ക്കറിയാതെ വന്നവര്‍ ശത്രുവായ്
വന്നവര്‍ വിയര്‍ക്കുന്നു മണലുകാറ്റുറയവെ
കണ്ണിലെ കാണാത്ത ശത്രുവായ് കണ്ണുനീര്‍
പ്രേതം പൊടിഞ്ഞു പൊടിഞ്ഞു ലയിച്ചൊരു-
മണ്ണ് കാറ്റാ,യത്കണ്ണ് നിറച്ചിടും
.
എന്തിനെന്നറിയാതെ വിതറുന്ന സ്ഫോടക
പന്തു നിറഞ്ഞോരു കന്നിവയല്‍ പാട,മെങ്ങും നിറഞ്ഞു
പോയ് 'പൊയ്പാദ'വ്യാപരമുറ്റുമുയര്‍ന്നു-
പോയ് മണ്ണുപിടയുന്നു അമ്മ പതറുന്നു

ഞങ്ങളഭയാര്‍ത്ഥികള്‍ പുണ്യശൈലങ്ങളും
പുഴകളും പൂക്കളും കേണിടുന്നു
അഭയാര്‍ത്ഥികള്‍ ഞങ്ങള്‍ കനിവിറ്റ് പകരണം
ധര്‍മ്മനാഥന്മാര്‍ മൊഴിഞ്ഞിടുന്നു

കാലിതൊഴുത്തിലന്നവതീര്‍ണ്ണമെരുപിഞ്ചു
പൈതലിന്നും ദുഃഖമോടിരപ്പു
ജന്മം മുതല്‍ ഞാനൊരഭയാര്‍ത്ഥിയാണിന്നു
ധര്‍മ്മം പകര്‍ന്നതും അഭയാര്‍ത്ഥിതം
കുരിശില്‍ ഞാന്‍ ജനതതന്‍ പാപപകുത്തതെ
ന്നരുമയാം മക്കള്‍ മറന്നിടുന്നു

ധര്‍ണ്ണയിരിക്കുന്നു സ്വര്‍ണ്ണക്കുരുശുമായ്
അക്ഷരം വിറ്റ് മണിമേടതീര്‍ക്കെ ചമ്മട്ടിയന്തി
ഞാന്‍തിരികെയെത്തും വിദ്യയും വൈദ്യവും വിറ്റിടുന്നോ?........

മക്കയില്‍ നിന്നും മദീനയ്ക്കുപാഞ്ഞൊരു
നാഥന്‍ മുഹമ്മദും നൊന്തിടുന്നു
ജീഹാദിനുടവാളുയര്‍ത്തി ദുര്‍ഭൂതങ്ങള്‍
ആയിരങ്ങള്‍ ചിതറി വെന്തൊടുങ്ങേ
അല്‍-ഖ്വയ്ദ യേറ്റു അള്ളാഹുവോതോറ്റു
നേടുന്നതെന്നും പിശാചുമാത്രം നേടുന്നതെന്നും
പിശാചുമാത്രം.....

ചപലയാമൊരുപെണ്ണുനാഥനോടോതിയോ
രപവാദകഥകേട്ടു മറുപാതിയേ കാടകം
വിട്ടോരു രാമന്നുമുന്നിലായ് ശൂലം തറച്ചെത്ര
പ്രേതമെത്തി ?
നിറവയര്‍പൂളിതെറിച്ചോരു പൈതലെ
അഗ്നിയില്‍ ഹോമിച്ചുതുള്ളുന്നവര്‍
നേടുന്നതേതും ശാപം? വേണ്ട പാടുവാന്‍
നാവെവിക്കീരാമ ഭക്തികാണ്‍കെ



ഞങ്ങളഭ‌ യാര്‍ത്ഥികള്‍ വേദങ്ങള്‍ കരയുന്നു
'മന്ത്രാത്മനാദേവ'തന്ത്രമില്ല.
നീറിപ്രവാചകവാണികള്‍ തേടുന്നത
ഭയ മായ് ഗതകാല ശാന്തി തീരം

കാല ചക്രത്തിന്റെ കാലടിപ്പാടിലി-
ന്നാടിനില്‍ക്കും സത്യ ധര്മ്മ ന്യായങ്ങളും..
നമ്മളുണ്ട് നമ്മിലുണ്മയുണ്ട് തമ്മിലൊന്നു
ചേര്ന്നീതിന്മ തീകൊളുത്താം...
ഞങ്ങളഭയാര്‍ത്ഥികള്‍ നാടുതേടും
നല്ല നാളിലൊന്നൊത്തോരു കൂടുകെട്ടും
കൂടു തേടി കൂട്ടു ചൂടുതേടി വരും
ദുര്‍ബലര്‍ക്കായ് കൂരപങ്കുവെയ്ക്കും

ഞാനുമഭയാര്‍ത്ഥിയായ് ചിദ്രസത്തിനുര്‍ജ്ജ
മായിമേവും ആത്മസത്തയോതി
സത്തൊഴിഞ്ഞാല്‍ ജഡം 'നന്മതാനെ ശിവം'
നൃത്തമാടാം നിര്‍ഭയാര്‍ത്ഥിയാകും
ശിവനൃത്തമാടാം* നിര്‍ഭയാര്‍ത്ഥിയാകും



........
ശിവം എന്നാല്‍ എല്ലാറ്റിനെയും വശീകരിക്കുന്ന നന്മ. സര്‍‌വ്വം വശീകൃതം യസ്മത്...എന്ന അര്‍ത്ഥത്തില്‍ ശിവനൃത്തം = നന്മ നൃത്തം എന്നു മാത്രമേ ശിവം എന്ന സംസ്കൃത പദത്തെ കവി ഇവിടെ ഉദ്ദേശിക്കുന്നുള്ളു



..
.
.

പാഠപുസ്തകം(അധികവായനയ്ക്കുള്ളത്‌)

ഏഴ് ബീ യിലെ റഷീദിന്റെപപ്പഹരിയുടേ

തകർന്ന കാലും നോക്കി

അമ്മ ആമിന കരയുന്നു.

അധിക വായനയ്ക്ക്-

'മതമില്ലാത്ത ജീവൻ'

മാഷുടെചേതനയറ്റ ശരീരം,

പടരുന്ന അക്രമം.



മൂന്ന് എ യിലെ ശ്രീക്കുട്ടിയെ

മാഷ് തുടയിൽ നുള്ളി

ഗുരുത്വം 'പ്രതി'സന്ധിയിൽ.

അധിക വായനയ്ക്ക്-

സർക്കാർ സർക്കുലർ

'പെൺ കുട്ടികളെ അദ്ധ്യാപകൻ ഒറ്റയ്ക്കു

സ്റ്റാഫ് റൂമിൽ വിളിക്കരുത്'





അഞ്ച് സീയിലെ 40 നക്ഷത്രകണ്ണുകൾക്കൂ ചാരെ

40 വെട്ടേറ്റു പിരിയുന്ന മാഷ്.

അധിക വായനയ്ക്ക്-

അങ്കണത്തിലെ അന്തിമ ദർശനസ്ഥാനത്തു

വെട്ടിയ ചേട്ടായിമരെ പൂമാലയിട്ട്

വരവേൽക്കുന്നതെങ്ങനെ.



രജനി,ശാലിനി,രഞ്ജിനി,രാജി

ഗ്ലോറി.....



പഴയത്‌പെറുക്കും

തെരുവുകുട്ടി അമ്മയോട്

'മരണത്തിനു രണ്ടു പക്ഷം ഉണ്ടോമ്മേ

ഈ എഴുത്തു മാമന്മാർ രണ്ടുപന്തിയിൽ ഓലിയിടുന്നത്?

അധിക വായനയ്ക്ക്-

മെംബർഷിപ്പ്, അവാർഡ്, മൂന്ന് റൗണ്ട് വെടി

ഒക്കെ നിന്റെ അപ്പൻ തരുമോ ഊച്ചാളി മോളെ.

രാജി കത്ത്‌

കൂട്ടരെ,
മുന്നറിയിപ്പില്ലാതെ ചുവപ്പക്ഷരങ്ങളുടെ
കൂട്ടപൊരിച്ചിലിലേക്ക്‌
പടിയിറങ്ങിയെന്നോര്‍ത്ത്‌
വിങ്ങരുത്‌
എന്റെമാത്രമായിനി മരുഭൂമിയില്‍
വിയര്‍പ്പുനാറ്റം ബാക്കി.

ഇപ്പോള്‍,
വെള്ളിയാഴ്ചയൊഴിവിന്റെ
കുപ്പിച്ചിരിയില്‍ നിങ്ങളുടെ
അരക്കെട്ട്‌ പുകച്ച സീഡിയിലെ
നീല സാരി പെണ്ണിന്റെ
മാറിടത്തിലിഴഞ്ഞ താലി
മീനമാസചൂടില്‍ വിയര്‍ത്ത്‌
ഞാന്‍ കെട്ടിയതാണ്‌

കോളേജ്‌ കുമാരനല്ല
കാദറിക്കാന്റെ മോനാ
മകൾക്കൊരു താലിയൊരുക്കാൻ
കണ്ണുചോര്‍ന്നു മുന്നില്‍ നിക്കെ
ന്റെ ചങ്ക്‌ പതറീന്നു പറഞ്ഞില്ലേ
ന്നാലും ന്റെ മോനെ നീയിതു നാട്ടാര്‍ക്കു.......

ഹെന്റെടീ! പറ്റിപോയല്ലേ
പണത്തിനൊപ്പം
നീയാവിശ്യപ്പെട്ട
ഫോട്ടോയെടുക്കുവാന്‍ ഷേവ്‌ ചെയ്ത
അതെ ബ്ലേഡാ.

പുതു മോഡിക്ക്‌ നാമെടുത്ത
സാമ്പത്തിക രേഖകളെല്ലാം
ബോഡിക്കൊപ്പം കാണും
ഇനി നീയായ്‌
നിന്റെ ലവരുടേക്കെ പാടായ്‌

ഓട

ഒരാളും സാക്ഷി പറയില്ല


മദ്യപിച്ച്‌ കിടന്നെന്നെ കരുതു


പാതി ബോധത്തില്‍

'മോള്‍ക്ക്‌ കൊണ്ട്‌ പോകേണ്ട പെന്‍സ്സില്‍

റബ്ബര്‍' എന്നൊക്കെ പിറുപിറുത്ത്

പരതുന്നുണ്ടാവും


പക്ഷേ

കുടിയനെന്നു കരുതി പോയ്‌

ഇനി,


രക്തം വാര്‍ന്നു


രണ്ട് കോളം വാര്‍ത്തയിലേക്ക്


പടിയിറങ്ങും

ക്ലോണം

നാട്ടോണം


ഓണം വന്നോണം വന്നോണം വന്നെ

ഓലപ്പുരയിലുമോണം വന്നെ

കാണം വില്‍ക്കാനില്ല കുഞ്ഞിപ്പെണ്ണു

ജപ്തിക്കണ്ണയ്യോ കഠിനം, കഷ്ടം

കയറേറി, വായ്ക്കരി സദ്യയുണ്ട്‌

പട്ടടത്തീയ്യിലമര്‍ന്നു തീര്‍ന്നു

മന്ത്രിപ്പടതന്‍ തിരതള്ളലില്‍

കുഞ്ഞുങ്ങരണ്ടും ഞെരുങ്ങി ചത്തെ

ചാനല്‍ക്കുടതന്‍ വിരുതു മൂത്തേ

മാലോകര്‍ക്കാനന്ദ ചര്‍ച്ച പൂത്തേ

ഓണം വന്നോണം വന്നോണം വന്നേ

പാവങ്ങൾക്കിപ്പോഴൊന്നോണം വന്നേ


ഫ്ലാറ്റോണം


പരസ്യമിറ്റുന്ന നശിഞ്ഞ ടീവിയില്‍

‘ദിലീപ്‌ ഷോ’ കണ്ട്‌ മയങ്ങിമക്കളും

ഒഴിഞ്ഞ കുപ്പിയും കുഴഞ്ഞ ദേഹവും

കടേന്നു വങ്ങിയ തകര്‍പ്പന്‍ സദ്യതന്‍

പോലിമ ചൊല്ലീട്ടു തളർന്ന ഭാര്യയും


ലൈവോണം


ബലിവന്ത്‌ നമ്മ ഊരുക്കാരന്‍

(ചെന്നെ സ്റ്റുഡിയോയില്‍ നിന്നും)

"അതങ്ങു പള്ളീപറഞ്ഞാ മതി ചവിട്ടി താഴ്ത്തിയോ

അതു ഞങ്ങക്കെ പറ്റു"

ബാറിലെ മേശയില്‍ ഗ്ലാസ്സിടിച്ച്‌ മല:കവി അലറി

'മേനെ ശുനാഹേ, യെത്തു അപ്നാ ലാലൂജികാ

പരിവാര്‍ക്കി ആത്മി തൊ നഹി?'

പാന്‍ തുപ്പി കൊണ്ട്‌ ബീഹാറി ഗവേഷകന്‍.

യുക്തിവാദി ഭക്തിബഹുമാനത്തോടെ

"ആക്ചൊലി ഈ ബലീന്റെ കല്ലറ കാശ്മീരിലല്ലേ?"


ചാറ്റോണം


"ടുഡെ ഓഫ്‌.. വാട്സ ദ റീസൺ ഓഫ്‌ ദിസ്‌ ഫെസ്റ്റിവല്‍ ?"

' യാര്‍...വണ്‍ ഓഫ്‌ ഔര്‍ കിംഗ്‌ ഹൂ കാല്‍ഡ്‌

ബലി കില്‍ഡ്‌ രാവണ'

"ഓ മൈ ഗോഡ്‌ ! ഹീ ഈസ്‌ ലെഫ്റ്റ്‌?"

ഐ ഡോന്റ്‌ നോ യാര്‍..

രാവിലേയിരുന്നതാ കണ്ണു പുളിച്ചു

സൈനൗട്ടു ചെയ്യുന്നു ബൈ...

ശ്ശൊ ! ഈ മലയാളി ലൈവ് സെക്സ്

എന്‍ഡാവുന്നില്ലല്ലൊ!.