നിറയെ പൂക്കുന്ന വരള്‍ച്ചകള്‍

നീ വരുന്നുണ്ടെന്നു പറയുന്നത്
കരിയിലക്കൂട്ടമോ
കരിവണ്ടോ അല്ല
കാടങ്ങനെ വീർപ്പടക്കുമ്പോഴേ
അറിയാം
നിന്റെ മണമ്പരക്കുന്നത്

എത്രപേർ ഒളിച്ച കാടാണ്‌..
പിടിച്ചുകഴിഞ്ഞിന്നേവരെ
ഒരാൾ പോലും
തിരിച്ചെത്തിയില്ല

നീ മാത്രമീക്കാട്ടിൽ
കുടിലുകെട്ടി
കുളം കുഴിച്ചു
മാൻ വളർത്തി
പൂവിടർത്തി

വെറുതെ വിനോദത്തിന്‌,
വേട്ടയാടാനൊന്നുമല്ലന്നേ
കാടുണർത്താനായുമ്പോൾ
കാട്ടുരാജ്ഞിയുറക്കത്തിലാണ്‌
ശബ്ദമുണ്ടാക്കരുതെന്ന്
കരിവണ്ടൊന്നാംഗ്യം കാട്ടി

ശ്ശെന്റമ്മൊ.!
മറ്റാരും കയറാത്തപ്പോഴാണ്‌
ഞാൻ പോലുമറിഞ്ഞത്
ഉടമസ്ഥനാണെന്ന്
പറയാൻ പറ്റാത്തവണ്ണം
നീയീകാടുകവർന്നത്.

No comments: