ഉപമയോ ഉല്പ്രേക്ഷയോ
ചിന്തിച്ചിരിക്കയാവും സകലരും
അപ്പോഴാണ് കണ്ണിലുറഞ്ഞൊരു
കടൽ മരുഭൂമിയിലകപെടുന്നത്.
സത്യത്തിൽ അങ്ങിനെയാണോ
അതോ മരുഭൂമിയിൽ നിന്നു പുറപ്പെടുന്നൊരുകടൽ
കണ്ണിലകപ്പെട്ടു പോകുന്നതാണോ എന്നത്
ദാർശനിക സമസ്യയാണ്
മരുഭൂമിയുടെ ഏറ്റവും വലിയ പ്രശ്നം
നിറയെ മരങ്ങളുണ്ട് എന്നതാണ്.
നിറയെ മരങ്ങളുള്ളത് കൊണ്ട്മാത്രം
കാട് എന്നറിയപെടുന്നതിന്റെ
അമ്പരപ്പാണ് അതിന്റെ മുഖത്തെപ്പൊഴും.
മരങ്ങളൊക്കെ അവിടെ
പച്ചപ്പഭിനയിക്കുകയാണെന്ന്
പലപ്പോഴും വിളിച്ചുപറയാൻ കൊതിക്കും
എന്നിട്ടും തോന്നലുകളൊക്കെയില്ലാതായാൽ
താൻ താനല്ലാതാവുമെന്നറിഞ്ഞ്
ഒന്നും മിണ്ടാതെ സഹിക്കുകയാണാപ്പാവം
മൃഗങ്ങളും കാട്ടരുവികളും പലപ്പോഴും
വഴിതെറ്റി കാടിറങ്ങുന്നത് മരുഭൂമിയുടെ
പ്രേതം കണ്ട് നിലവിളിച്ചാണ്.
സത്യത്തിൽ
ഇതൊരു കാടല്ല എന്നറിയുന്നത്
കടലിനു മാത്രമാണ്.
മരുഭൂമിക്ക് മാത്രം വഴങ്ങാനറിയുന്ന
തനിച്ച് കിടപ്പ് മാത്രമാണിതിന്റെ അവശേഷിപ്പ്.
നോക്കിയിരിക്കെ
എവിടെയും
മുളച്ച്പൊന്തുന്ന
നിറയെ പൂക്കൾ നിറഞ്ഞ മരുഭൂമിയെ ഭയന്ന
കണ്ണിനത്ഭുതം വിട്ടുമാറുന്നില്ല
തുരുമ്പുമണക്കുന്ന മരുഭൂമിയൊന്ന് തന്നിലും ..
No comments:
Post a Comment