വിശുദ്ധ ഭയമാതാവെ.....

വിശുദ്ധ ഭയമാതാവെ.....

സഹനങ്ങളുടെ മാതാവെ
നിന്റെ നാമത്താൽ
വീണ്ടും വീണ്ടും ഞങ്ങൾ
രക്ഷിക്കപെടുന്നു

ദൈവവിളി തോന്നിയ
കുഞ്ഞു മറിയ
പിന്നിലായൊരു കിണറും
അതിന്റെ അവസാനിക്കാത്ത ആഴവും കണ്ട്
പിൻ വലിഞ്ഞു
നിനക്ക് സ്തോത്രം

നന്മ നിറഞ്ഞ ഭയമാതവേ
നീ പലമതങ്ങളിൽ ജനിക്കുന്നു
ജീവിച്ചിരിക്കുന്നവരിലും
മരിച്ചവരിലും പ്രത്യക്ഷപ്പെടുന്നു
നിശ്ചലമാക്കപെട്ട സത്യങ്ങളുടെ കാവാലാളെ
ആത്മീയക്കളരികളിലെ
അവിഹിതങ്ങൾ വെളിപ്പെടുത്തി
പട്ടുകുപ്പായങ്ങളെയും പൊൻ കിരീടങ്ങളെയും
വിറപ്പിക്കുന്നു

നീതിയില്ലാതെ വലയുന്നവരുടെ മാതാവേ
നിനക്ക് നന്ദി നിന്റെ നാമത്താൽ
പീഡിപ്പിക്കപെടുന്ന എല്ലാ പെൺകുട്ടികളുടെയും
ശ്വാസനാളത്തിൽ കുടുങ്ങിയ അവസാനത്തെ നിലവിളി
കോടാലി പ്രഹരമായ്
ചാനൽ വിരുതിന്റെ അന്തിവാർത്തയിൽ
കുഴഞ്ഞു കുഴഞ്ഞ് സത്യപ്പെടുന്നു

നിന്റെ ചിത്രമൊരിക്കലും ശബ്ദിച്ചത്
ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും
പരിശുദ്ധ മാതാവേ
നീതി കിട്ടാതെ മരിച്ചവരുടെ മദ്ധ്യസ്ഥേ
തിരുത്തപെട്ട പുസ്തകതാളുകളിലെ
രേഖകളിലൊക്കെ
നെറികേടു പുറത്തുവരുന്നതിന്‌
തുണനിന്റെ നിശ്ചല ചിത്രമാകുന്നു

ഞങ്ങളിൽ നന്മനിറഞ്ഞവരാരും
നിനക്ക് വേണ്ടി ശബ്ദമുയർത്തിയില്ലെങ്കിലും
ഞങ്ങൾ റബ്ബറിനായും
മലയോരമണ്ണിനായും
മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരിക്കും

സ്വർഗ്ഗത്തിലാണെങ്കിലും
നിന്നെ അപായാപെടുത്തുവാൻ വരുന്ന
കുരിശുമരണങ്ങളെ
ഞങ്ങൾ ഭയക്കുന്നു

ഞങ്ങൾ പത്ത് വെള്ളിക്കാശ് കിട്ടുമെന്നുറപ്പാൽ
ഒപ്പം നില്ക്കുന്നവരെ മാത്രം വാഴ്ത്തുമ്പോൾ
മറ്റുള്ളവരുടെ നെറികേടുകൊണ്ട്
ദുർമ്മരണങ്ങളിലകപ്പെട്ട്
വിശുദ്ധരായ മാതാക്കന്മാരെ
ഞങ്ങൾക്ക് അഭയമായില്ലെങ്കിലും
ഇനിയുള്ള കാലമെങ്കിലും
നിങ്ങളുടെ വംശത്തെ
സ്വയം കാത്തോളണെ...
 

No comments: