അറ്റം കാണാത്ത 
അവനവൻ കടലിൽ
തുഴയുന്നു

മുന്നേറിയെന്നോ 
പിന്നിലായെന്നോ
പറയാമ്പറ്റില്ല
കടലല്ലെ

തീർന്നതും തീരാത്തതും
കണക്കാ
വന്നതും വരാത്തതും.

മെലിഞ്ഞ കാലത്ത്
വലഞ്ഞ സ്വപ്നങ്ങൾ
തെളിഞ്ഞ നേരത്ത്
വരണ്ട ദുഖങ്ങൾ

പറഞ്ഞതും പറയാത്തതും
പതിരാ
കരഞ്ഞതും പിരിഞ്ഞതും

ഉപ്പെന്നൊന്നുമ്പറയാമ്പറ്റില്ല
ഒപ്പമെത്ര കടലുണ്ടെന്നും
എങ്കിലും കടലിനു
കണ്ണിന്റെ ആഴമുണ്ട്


നിലയ്ക്കാത്ത തിരയെയൊന്നും
പിടിച്ചു കെട്ടാമ്പറ്റില്ല
ഒപ്പമുള്ള കടലിനും
ഇതേ സങ്കടം
ആ കടലിന്‌
ഹൃദയത്തിന്റെ മിടിപ്പാണ്‌

ഒരു കടലിലെത്ര കടലുണ്ടെന്ന്
കണ്ണെപ്പോഴും പരതി നോക്കുന്നുണ്ട്

തിരയിലെത്ര നുരയുണ്ടെന്ന്
ഹൃദയമിടയിടെ
തൊട്ടറിയുന്നുണ്ട്

സങ്കടക്കടലുപ്പെന്നും
സന്താപത്തിരനുരയെന്നും
ആർക്കും ആരെയും
കണ്ടെത്തിക്കളയാം
എന്ന ഒരു സ്കാനിങ്ങ്
റിപ്പോർട്ട്
കണ്ണിന്റാഴത്തിൽ
മുങ്ങിയിരിപ്പുണ്ട്

ഒരിക്കലും വറ്റില്ലെന്നും
ഒരുയിരും
അവസാനിച്ചിട്ടില്ലെന്നും
ഒരെഫൈയാർ
തിരതല്ലുന്നിരമ്പമായ്
ഹൃദയഭിത്തിയിൽ
മുദ്രവെച്ചിട്ടുണ്ട്.

No comments: