കരിയിലകളെ ഞെരിച്ച്
മുറ്റത്തെക്കെത്തവെ
വസന്തം നടന്നടുത്ത പോലെ
അമ്മ അരികിലേക്കോടിയെത്തി
ഉച്ച വെയിൽ തൊടിയിൽ
മയങ്ങിക്കിടപ്പുണ്ടായിരുന്നു

പല്ലല്പം പൊങ്ങി,നരയൊക്കെ നിറഞ്ഞു
വീണ്ടും വലിഞ്ഞുണങ്ങി
ശോഷിച്ച കൈകൾ കൊണ്ട് എന്നെ തലോടി

തൊടിയിൽ ഒരു ചെമ്പരത്തി മാത്രം വിരിഞ്ഞിട്ടുണ്ട്
ചെടിക്കളൊക്കെ നീരുവറ്റി മങ്ങി

തീർത്തും ദുർബ്ബലമായ നിമിഷം
ആരുടെ കണ്ണിൽ നിന്നാവും
സങ്കടം ചോരുന്നതെന്ന്
അതു വരെ ചിലച്ചിരുന്ന
അണ്ണാൻ തലയുയർത്തി നോക്കുന്നുണ്ട്

കുഴമ്പുമണക്കുന്നുണ്ട്,വായയും പൊട്ടമണക്കുന്നു
സാരിയിലും പഴമണം നിറയുന്നുണ്ട്
മാറാല പിടിച്ച ജനൽ കമ്പിയ്ക്കപുറം
ഭംഗിയുള്ള എട്ടുകാലി വലവിരിച്ചിട്ടുണ്ട്
ഉവ്വ് ഞാൻ അമ്മയെ മാത്രമല്ല നോക്കുന്നത്.

എന്നെങ്കിലും ആരെങ്കിലും
വരുമായിരിക്കും എന്ന നിർവികാരതയിൽ രാധയും,
അയവെട്ടി, കഴുത്തിലെ മണികിലുക്കി
പശുവും മടങ്ങുന്നുണ്ട്.

അടുക്കളജനാല കരിപിടിച്ചങ്ങനെ
പായൽകുളത്തിൽ മുങ്ങിമാറുന്ന
തവളച്ചാരെനോക്കി നില്ക്കുന്നു
കരയിൽ പൊന്മാനിപ്പോഴും
ആമ്പലിലയ്ക്കടിയിൽ മിന്നിമാറുന്ന
മീനൊന്നിനെ ഉന്നം വെച്ചിരിപ്പുണ്ട്

കെട്ടിച്ചു വിട്ട പെങ്ങൾ വന്നെന്നു
അയയിലെ നൈറ്റിയും,ഉണങ്ങിയാൽ
വടിയാകുന്ന തുളവീണ തോർത്തും
അതിന്റെവസാനമിരിക്കുന്ന
കറുപ്പും വെളുപ്പും തുമ്പിയും......

ചില്ലുപൊട്ടിയ റാന്തൽ വിളക്ക്
മണ്ണെണ്ണ മണത്തിൽ
കാറ്റിനെ വെല്ലുവിളിച്ചോർമ്മയിൽ
മൂലയ്ക്കിരിപ്പുണ്ട്

മടങ്ങുമ്പോൾ തൊടിയിൽ
നവധാന്യം മുളച്ചിട്ടുണ്ട്
കുറുമ്പിക്കോഴിയെ
ഓല നിവർത്തിയിട്ട് തടഞ്ഞു

സെറ്റുമുണ്ട് കീറിയുണ്ടാക്കിയ
അന്തിത്തിരി
കല്ലിന്റുച്ചിയിൽ നിന്നും “പോകുവാല്ലെ?’
എന്നു ചോദിച്ചത്
നിങ്ങളൊക്കെ കേട്ടുകാണും
എനിക്കിനി അതൊക്കെ
കേട്ടിട്ടെന്തിനാ.

3 comments:

Geetha said...

വീണ്ടും തിരിച്ചു വരുമ്പോൾ വസന്തമായ് വന്നു വരവേൽക്കാൻ അമ്മയുണ്ടല്ലോ

sunitha said...

mmmmmmmmmmm..kollamallo..

ശ്രീജ എന്‍ എസ് said...

kettittu onnumillenno....