പിന്നോട്ടൊഴുകുകയായിരുന്നു

ആദ്യ വളവിൽ തന്നെ
വിട്ടകന്ന മുഖങ്ങളെല്ലാം
ആകാശമുയർത്തി കാട്ടി

പിരിഞ്ഞുപോയ ചില്ലയിലെ
കൂടിപ്പോഴും മരത്തോട്
ഒട്ടി നില്പാണ്‌

പാടവരമ്പിലെ കുഴിയിൽ
തവള
നിറഞ്ഞൊഴുകിയയ രാവുകളെ
ധ്യാനിക്കുന്നുണ്ട്.

കുട്ടികൾ ആർപ്പുവിളിച്ച്
മുങ്ങാം കുഴിയിട്ടെടുത്ത
അടിമണ്ണ്‌
ഉയർത്തികാട്ടുന്നുണ്ട്
വഴിക്കാറ്റ്

എന്നോ വള്ളപടിയിൽ
പങ്കായം മുട്ടുന്നോരോർമ്മ
കൈതക്കാടോർത്തു
തലയാട്ടുന്നു

പ്രണയകേളിക്കിടയിൽ
വാതുറന്നാകാശം മുത്താനെത്തിയ
പരൽ മീനിപ്പേഴോ
പൊന്മാന്റെ വേഗകരുത്തിൽ
ചുണ്ടേറിപ്പോയതോർത്ത്
കവളപ്പാറ
നെടുവീർപ്പിടാറുണ്ട്


കല്ലിൻ കൂട്ടങ്ങൾക്ക് മീതെ
ഒരു നീർക്കാക്ക
ചിറകുവിതർത്തിയുണങ്ങുന്നുണ്ടോയിപ്പോഴും?
അരുവിയിലേക്ക്
തെങ്ങിടയ്ക്കൊന്നാടി
നോക്കുന്നുണ്ട്

തിരിച്ചൊഴുകാൻ
കടലിലെത്താൻ
മഴയമ്മേ
കൊതിക്കുന്നുണ്ടെന്നും

നീപോയാലുടൻ..
ഈ മണലാരണ്യത്തിനു
പൊടിക്കാറ്റല്ലാതെ
നനവോരോർമ്മ മാത്രം
 

No comments: