നിർജലസമസ്യ


പൂഞ്ഞാട്ടി
ഈ കുളത്തിന്റെ നാഥൻ
തലയിൽ
വെള്ള അംഗവസ്ത്രം
ധരിച്ച് ആകാശത്തെ
ഡൈവിങ്ങ്
പടിപ്പിക്കുന്നു

സിലോപ്പിയ
ഈ പാടത്തിന്റെ
അമ്മ
വായിലേക്ക് നൂറ്‌ മക്കളെയും
കടത്തിവെച്ച്
കപടധ്യാനത്തിലെ
ശ്വേത സന്യാസിയെ
തിരിഞ്ഞുനോക്കാതെ
സ്റ്റാൻഡ് മാറുമ്പോൾ


പള്ളത്തി ഈ തോടിന്റെ
ഗറില്ല
നീയെന്നെ ഞൊട്ടും എന്ന മട്ടിൽ
ചേറിലേക്കൊരു
പൂളൽ
പൗലോസും
വലയും നാണിച്ച്
കരയിലേക്ക്



വരാൽ
ഈ അമ്പലക്കുളത്തിന്റെ കുളത്തിന്റെ
വഴുവഴുപ്പ്
ചൂണ്ടക്കാരൻ ജബ്ബാറ്‌
നാല്‌ തെറി നീട്ടിവിളിച്ചു
ചുവന്ന മക്കളെയുമേറ്റി
അമ്മ പാടവരമ്പിൻ
തീരത്തൊക്കെ
ഭയത്തോടെ
കൂടുമാറിയതറിയാതെ

ഞണ്ട് ഈ കായലിന്റെ
വില്ലൻ
ഇറിക്കിപെറുക്കി
ചെറിയ ജീവിതം
എങ്ങാനും വിരൽ വെച്ചു
തന്നാൽ
ചുമ്മയൊന്നിറുക്കിയേക്കാം


പരൽ മത്സ്യം
ഈ ആമ്പൽ പാടത്തെ
കോളേജ് താരുണ്യം
സ്റ്റൈലാ
ഫുൾ സ്പീഡാ
ഗ്രൂപ്പ് ഡാൻസാ
ചിലപ്പോൾ
റൊമാൻസാ
പറഞ്ഞു തീരും മുന്നേ
മാച്ചിസ്മോ വേഗത്തിൽ
രൊറ്റപ്പായൽ.

പായൽ ഈ കുളത്തിന്റെ
നിഗൂഡത
ഇടയ്കിടെ വെട്ടിനോക്കുന്ന
വരാൽ വെളിച്ചത്തെ
ഭയന്ന്
ആകാശത്തിൽ നിന്നും
ജലത്തെ മറച്ചു വെച്ച്
ഉച്ചമയക്കത്തിനിടയിൽ
കൈതക്കിടയിലേക്ക്
നീളൻ ചേരയെ
ഇഴച്ചുവിട്ട്
ഒരു പച്ചക്കിടപ്പാണ്‌
വളരുന്ന മക്കളെ
ധൈര്യത്തിൽ വാഴിച്ച്
പൊന്മാന്റെ ചുണ്ടേറിയ
അമ്മമത്സ്യം
ചൊല്ലി
നമ്മളെയിത്രനാൾ പോറ്റിയ
പായലമ്മയാണെ സത്യം


വെള്ളമേ
നീ ഞങ്ങൾക്ക്
പ്രാണൻ
ചൂണ്ടക്കുരുക്കിന്റെ
പ്രലോഭനത്തിൽ
മണ്ണിൽ
പിടച്ച്
പിടച്ച്....

ഇരതേടലിന്റെ
ബലത്തിൽ
ഒറ്റിക്കൊടുത്ത
ടങ്കീസേ...

ഇരവെച്ച്
ഇരപിടിക്കുന്ന
കപടലോകം
ഞങ്ങൾക്കില്ലെന്ന്
നിങ്ങൾ സാക്ഷി.

1 comment:

ശ്രീജ എന്‍ എസ് said...

ഇരവെച്ച്
ഇരപിടിക്കുന്ന
കപടലോകം
ഞങ്ങൾക്കില്ലെന്ന്
നിങ്ങൾ സാക്ഷി.